അധികൃതർ കണ്ണുതുറന്നു... മായിക്കൽ വാട്ടർടാങ്ക് പൊളിക്കാൻ നടപടി
1489032
Sunday, December 22, 2024 5:03 AM IST
ഹരിപ്പാട്: അപകടഭീഷണി ഉയർത്തിയ വാട്ടർ ടാങ്ക് പൊളിക്കാൻ ഒടുവിൽ നടപടിയായി. മുതുകുളം പഞ്ചായത്ത് എട്ടാം വാർഡിൽ മാസങ്ങളായി അപകടഭീഷണിയിൽ നിൽക്കുന്ന മായിക്കൽ വാട്ടർടാങ്ക് പൊളിക്കാനാണ് നടപടിയായത്.
വാട്ടർടാങ്ക് പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് മുതുകുളം പഞ്ചായത്ത് ഭരണസമിതി മുഖ്യമന്ത്രി, ജലവിഭവമന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് നവകേരള സദസിൽ രേഖാമൂലം പരാതി നൽകിയിരുന്നു. കഴിഞ്ഞദിവസം നടന്ന കാർത്തികപ്പള്ളി താലൂക്ക് വികസനസമിതി യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജ്യോതിപ്രഭ വിഷയം വീണ്ടും ഉന്നയിക്കുകയും വാട്ടർഅഥോറിറ്റി ടാങ്ക് പൊളിച്ചു മാറ്റുന്നതിന് ടെൻഡർ ചെയ്തിട്ടുണ്ടെന്ന് വിവരം അറിയിക്കുകയുമായിരുന്നു.
ഇതേത്തുടർന്ന് വാട്ടർടാങ്ക് പൊളിക്കുന്നതിനാവശ്യമായ തുക ഗ്രാമപഞ്ചായത്ത് അടച്ചു. അപകടാവസ്ഥയിലുള്ള വാട്ടർ ടാങ്ക് എത്രയും വേഗം പൊളിച്ചു മാറ്റുന്നതിനുള്ള തുടർ നടപടികൾ വാട്ടർ അഥോറിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് മുതുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജ്യോതിപ്രഭ അറിയിച്ചു.
മുതുകുളത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ കുടിവെള്ളം സംഭരിച്ചു വിതരണം ചെയ്യാനായി വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ഏകദേശം 75 അടിയിലധികം ഉയരമുള്ള ജലസംഭരണിയാണ് കാലപ്പഴക്കത്താൽ ഏതു നിമിഷവും നിലംപൊത്താറായ അവസ്ഥയിൽ നിലനിന്നത്.
അപകടാവസ്ഥയിലായ വാട്ടർടാങ്ക് സമീപത്തെ വീടുകൾക്കും ഭീഷണിയായി. കാലപ്പഴക്കത്താൽ കോൺക്രീറ്റ് തൂണുകൾ അടർന്ന് ബലക്ഷയം വന്നതോടെ വാട്ടർ ടാങ്കിൽ ജലം സംഭരിക്കുന്ന പ്രവർത്തനം ജല അതോറിറ്റി നിർത്തി.
ഇതോടെ മുതുകുളത്തിന്റെ പടിഞ്ഞാറൻ മേഖല കടുത്ത ശുദ്ധജല ക്ഷാമം നേരിടുകയും പിന്നീട് ഇളങ്ങള്ളൂർ പുതിയ പമ്പ് ഹൗസ് നിർമിച്ച് പ്രശ്നത്തിനു പരിഹാരം കണ്ടെത്തുകയുമായിരുന്നു