അവാർഡ് തുക ഭിന്നശേഷിക്കാരന് നൽകി മാവേലിക്കര ആർടി ഓഫീസ് മാതൃകയായി
1489039
Sunday, December 22, 2024 5:03 AM IST
ചാരുമൂട്: സർക്കാർ സേവനങ്ങൾക്കൊപ്പം സാമൂഹ്യനന്മ നിലനിർത്തിയുള്ള പ്രവർത്തനങ്ങളിലൂടെ വേറിട്ട് നിൽക്കുന്ന മാവേലിക്കര ആർടി ഓഫീസ് മറ്റൊരു കാരുണ്യ പ്രവർത്തനത്തിലൂടെ വീണ്ടും മാതൃകയാകുന്നു. സംസ്ഥാന മികച്ച ഭിന്നശേഷി സൗഹൃദ ഓഫീസ് എന്ന പദവിക്ക് ലഭിച്ച അവാർഡ് തുക ഭിന്നശേഷിക്കാരനായ ലോട്ടറി വ്യാപാരിക്ക് നൽകാനാണ് തീരുമാനം.
2024ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സർക്കാർ ഓഫീസായിട്ടാണ് മാവേലിക്കര ജോയിന്റ് ആർടി ഓഫീസിനെ തെരഞ്ഞെടുത്തത്. 25,000 രൂപയും ഫലകവും അടങ്ങുന്ന അവാർഡാണ് ലഭിച്ചത്.
ഈ അവാർഡ് തുകയാണ് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അനുമതിയോടെ ചാരുംമൂട്ടിൽ ലോട്ടറി വ്യാപാരം നടത്തി ഉപജീവനം നടത്തുന്ന ഭിന്നശേഷിക്കാരനായ സേതുനാഥക്കുറുപ്പിന് നൽകാൻ തീരുമാനിച്ചത്.
ജന്മനാ അരയ്ക്കുതാഴെ ചലനശേഷി കുറവുള്ള ആളാണ് ഇദ്ദേഹം. ഇന്നു വൈകുന്നേരം നാലിന് ചാരുംമൂട് കിഴക്ക് ബസ് സ്റ്റോപ്പിനു സമീപം മന്ത്രി ഗണേഷ് കുമാർ നേരിട്ടെത്തി തുക കൈമാറും. മാവേലിക്കര ജോയിന്റ് ആർടിഒ എം.ജി. മനോജ് ഉൾപ്പെടെയുള്ള മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുക്കും.