മുല്ലയ്ക്കല് ചിറപ്പ്: കാര്‍ണിവല്‍ സംഘടിപ്പിക്കുന്നതിന് പെര്‍മിറ്റ്
1488811
Saturday, December 21, 2024 5:08 AM IST
ആലപ്പുഴ: നഗരസഭ മുല്ലയ്ക്കല് കിടങ്ങാംപറമ്പ് ചിറപ്പുമായി ബന്ധപ്പെട്ട് പോപ്പി ഗ്രൗണ്ടിലും ആലപ്പുഴ ബീച്ചിലും കാര്‍ണിവല്‍ സംഘടിപ്പിക്കുന്നതിന് നഗരസഭ മാനദണ്ഡങ്ങള്‍ പാലിച്ച് പെര്‍മിറ്റ് അനുവദിച്ചു. വിനോദ നികുതി 10 ശതമാനമായി നിജപ്പെടുത്തി അനുമതി നല്കാന് അടിയന്തര കൗണ്‍സില്‍ തീരുമാനിച്ചു.
ആലപ്പുഴ ബീച്ച് ഫെസ്റ്റ് നഗരസഭയുടെ കൂടി പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നതിന് പദ്ധതിയില്‍ 5 ലക്ഷം രൂപ വകയിരുത്തുന്നതിന് കൗണ്‍സില്‍ തീരുമാനിച്ചു. ആലപ്പുഴ ലൈറ്റ് ഹൗസിനു സമീപം എലഫന്റ് ഗേറ്റ് റോഡില്‍ സര്‍ക്കാര്‍ അനുമതി ലഭ്യമായ ഫുഡ് സ്ട്രീറ്റ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പുമായി ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് തീരുമാനിച്ചു.
നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ച കൗണ്‍സിലില്‍ വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, സ്ഥിരം സമിതി അധ്യക്ഷരായ എം.ആര്. പ്രേം, എ.എസ്. കവിത, നസീര്‍ പുന്നക്കല്‍, ആര്. വിനിത, കക്ഷിനേതാക്കളായ റീഗോ രാജു, ഡി.പി. മധു, ഹരികൃഷ്ണന്, കൗണ്‍സിലര്‍മാരായ ബി. മെഹബൂബ്, ആര്. രമേഷ്, മനു ഉപേന്ദ്രന്, ബി. നസീര്‍, ബി. അജേഷ്, സെക്രട്ടറി എ.എം. മുംതാസ്, എന്‍ജിനിയര്‍ ഷിബു നാല്‍പ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.