ചാലിൽ പ്രതീക്ഷാഭവനിൽ ക്രിസ്മസ് ആഘോഷം
1488146
Wednesday, December 18, 2024 7:44 AM IST
മുഹമ്മ: കനിവിന്റെ കരസ്പര്‍ശമുള്ള ആഘോഷ പരിപാടികളിലൂടെ ജനമനസില്‍ ഇടംനേടിയ മുട്ടത്തിപ്പറമ്പ് ചാലില്‍ പ്രതീക്ഷാഭവന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ക്രിസ്മസ് ആഘോഷം 20ന് നടത്തും. രാവിലെ ഒന്‍പതിന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മിനിമോള്‍ സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കൃപാസനം ആത്മീയ സാംസ്കാരികകേന്ദ്രം പിആര്‍ഒ അഡ്വ. എഡ്വേര്‍ഡ് തുറവൂര്‍ ഉദ്ഘാടനം ചെയ്യും. കുട്ടികളടെ കലാപരിപാടികള്‍, അനുമോദന സമ്മേളനം എന്നിവ ഉണ്ടാകും.
മുതിര്‍ന്നവരെ ആദരിക്കല്‍ ചടങ്ങാണ് ആഘോഷ പരിപാടികളില്‍ മുഖ്യം. ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളില്‍ രക്ഷകര്‍ത്താക്കളും വീട്ടിലെ പ്രായമുള്ളവരുമെല്ലാം ഒന്നിക്കുന്ന വേളയാണിത്.
വാര്‍ധക്യത്തില്‍ അവഗണനയുടെ കയ്പുനീര് കുടിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാലാണ് സമൂഹ മനസാക്ഷിയെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ മുതിര്‍ന്നവരെ ആദരിക്കല്‍ ചടങ്ങ് നടത്തുന്നത്. ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വീല്ചെയറില്വരെ പ്രായമായവര്‍ എത്തും.
നൂറോളം പേര്‍ക്കാണ് ഓരോ വര്‍ഷവും ആദരവ് നല്‍കുന്നത്.
ആദരവ് നല്‍കേണ്ടവരെ ഭവനത്തിലെത്തി സ്കൂള്‍ അധികൃതര്‍ ക്ഷണിക്കും. സന്ദര്‍ശനവേളയില്‍ സമ്മാനവും നല്‍കും. ഭവനത്തില്‍ എത്തി കാണുകയും സ്നേഹവായ്പുകള്‍ കൈമാറുകയും ചെയ്യുമ്പോള്‍ പ്രായാധിക്യത്തിന്റെ അവശത പേറുന്നവര്ക്കുണ്ടാകുന്ന സന്തോഷം അവര്‍ണനീയമാണെന്ന് സ്കൂള്‍ അധികാരികള്‍ പറയുന്നു. ബന്ധങ്ങളുടെ ഇഴയടുപ്പം കൂട്ടാന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രം ആലേഖനം ചെയ്ത ഗ്ലാസ് സമ്മാനങ്ങളാണ് നല്‍കുക.