തണ്ണീര്‍മുക്കം ബണ്ട് ഷട്ടര്‍ റെഗുലേഷന്; അടിയന്തരയോഗം ചേര്‍ന്നു
1487762
Tuesday, December 17, 2024 5:09 AM IST
ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ക്രമീകരിക്കുന്നത് സംബന്ധിച്ച് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അടിയന്തര യോഗം ചേര്‍ന്നു.
നിലവില്‍ ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നുകിടക്കുകയാണെന്നും മെച്ചപ്പെട്ട രീതിയിലുള്ള റെഗുലേഷന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഷട്ടര്‍ ക്രമീകരിക്കുന്നത് ഓട്ടോമാറ്റിക്ക് ആക്കാന്‍ ഭാവിയില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഓരുവെള്ളം കയറുന്നതിനെക്കുറിച്ച് പഠനം നടത്തും.
കുടിവെള്ളത്തിന് ബുദ്ധിമുട്ടുള്ള പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കാന്‍ അടിയന്തര ഇടപെല്‍ നടത്തും. ഓരുമുട്ടുകള്‍ ഫലപ്രദമല്ല എന്ന് യോഗത്തില്‍ ഉയര്‍ന്ന ആക്ഷേപം ജലസേചന വകുപ്പുമായി ബന്ധപ്പെട്ട് പരിശോധിക്കും.
കര്‍ഷകരുടെയും പ്രദേശവാസികളുടെയും അഭിപ്രായം കേള്‍ക്കും. കൃഷിനാശത്തിന് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കും. കാലാവസ്ഥാധിഷ്ഠിത ഇന്ഷ്വറന്സിലേക്കു മാറുന്നത് കര്‍ഷകര്‍ക്ക് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. വേമ്പനാട് കായലിന്റെ ജലവാഹക ശേഷി വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും.
കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നത് പ്രോത്സാസാഹിപ്പിക്കരുത്. മണിരത്ന പോലുള്ള ഹൃസ്വകാല വിത്തുകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എംഎല്‍എമാരായ എച്ച്. സലാം, പി. പി. ചിത്തരഞ്ജന്, തോമസ് കെ. തോമസ്, ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, കര്‍ഷകര്‍, പാടശേഖരസമിതി പ്രതിനിധികള്‍, കൃഷി, ജലസേചന, റവന്യു, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.