താറാവ് കര്‍ഷകര്‍ക്കു നഷ്ടപരിഹാരം നല്‍കണം: ഐക്യ താറാവ് കര്‍ഷകസംഘം
1488149
Wednesday, December 18, 2024 7:44 AM IST
ആലപ്പുഴ: താറാവ് കര്‍ഷകര്‍ കടക്കെണിയും പട്ടിണിയുംമൂലം ദുരിതത്തിലാണെന്ന് ഐക്യ താറാവ് കര്‍ഷകസംഘം. 2014 മുതല്‍ പക്ഷിപ്പനിയും മറ്റ് അസുഖങ്ങളുംമൂലം താറാവുകള്‍ ചത്തൊടുങ്ങുന്നതും പക്ഷിപ്പനി ബാധിച്ചാല്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള താറാവുകളെ കള്ളിംഗ് നടത്തുന്നതും നിത്യസംഭവമായിരിക്കുന്നു. കള്ളിംഗ് നടത്തുന്ന താറാവുകള്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നല്കാന് തയാറാകാത്തതുമൂലം കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്നും താറാവ് കര്‍ഷകസംഘം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
താറാവ് കര്‍ഷകര്‍ ഈസ്റ്റര്‍, ക്രിസ്മസ് എന്നീ സമയങ്ങളിലെ വിപണികള്‍ മുന്നില്‍കണ്ടാണ് താറാവുകളെ വളര്‍ത്തുന്നത്. ഈ പ്രാവശ്യം ഈസ്റ്ററും ക്രിസ്മസും താറാവ് കര്‍ഷകര്‍ക്ക് കണ്ണീരിന്റെ കാലമായിരുന്നു. ഒരു വ്യാപാരവും ഈ കലഘട്ടത്തില്‍ നടന്നിട്ടില്ല. ഏഴു മാസം മുന്‍പ് കൊന്നൊടുക്കിയ താറാവുകള്‍ക്ക് നാളിതുവരെ നഷ്ടപരിഹാരം നല്‍കാനും ഗവണ്മെന്റ് തയാറായിട്ടില്ല. 2024 ഡിസംബര്‍ 31 വരെ നിലനില്‍ക്കുന്ന താറാവിന്റെ ഉത്പാദനവും വിതരണവും വിപണനവും സംബന്ധിച്ചുള്ള നിരോധനം അടുത്ത വര്‍ഷത്തെ ഈസ്റ്റര്‍ വിപണിയെയും ബാധിക്കുന്ന സ്ഥിതിയാണെന്നും സംഘം ചൂണ്ടിക്കാട്ടി.
യുണൈറ്റഡ് നേഷന്‍സ് നിര്‍ദേശിച്ചിട്ടുള്ള നഷ്ടപരിഹാരം നല്‍കാതെ നിരോധനവും കള്ളിംഗും മാത്രം നടത്തുന്ന സര്‍ക്കാരുകള്‍ ഒരു സമൂഹത്തെ തീരാ ദുഃഖത്തിലേക്കും പട്ടിണിയിലേക്കുമാണ് തള്ളിവിടുന്നത്. കേന്ദ്രം മൂന്നു കോടി രൂപ നഷ്ടപരിഹാരത്തിനായി അനുവദിച്ചിട്ടുണ്ട്. ജില്ലയില്‍ കള്ളിംഗ് നടത്തിയ താറാവ്, കോഴി, കാട എന്നീ പക്ഷികള്‍ക്കായി കര്‍ഷകര്‍ക്ക് കൊടുക്കേണ്ട നഷ്ടപരിഹാരം 2.64 കോടി രൂപയാണ്. അതുപോലും കൊടുക്കാന്‍ സംസ്ഥാന ഗവണ്മെന്റ് തയാറാകുന്നില്ല.
ജീവിതം വഴിമുട്ടിയ കര്‍ഷകര്‍ നിരാഹാരസമരം ഉള്‍പ്പെടെയുള്ള സമരപരിപാടിയുമായി മുമ്പോട്ട് പോകുക എന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണെന്നും സംഘം ആരോപിച്ചു. ഈ സാഹചര്യത്തില്‍ ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ ഐക്യതാറാവ് കര്‍ഷകസംഘം ജില്ലാ കമ്മിറ്റി നിര്‍ബന്ധിതരാവുകയാണെന്നും പ്രസിഡന്റ് അഡ്വ. ബി. രാജശേഖരന്, സെക്രട്ടറി കെ. ശാമുവല്‍, വൈസ് പ്രസിഡന്റ് പി. ദേവരാജന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍അറിയിച്ചു.