നാലുവർഷമായിട്ടും പൂർത്തിയാകാതെ ശാർങ്ങക്കാവ് -ആറ്റുവ പാലം
1487763
Tuesday, December 17, 2024 5:18 AM IST
ചാരുംമൂട്: വെണ്മണി -നൂറനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ശാര്‍ങ്ങക്കാവ്-ആറ്റുവ പാലത്തിന്റെ നിര്‍മാണം പാതിവഴിയില്‍. നിര്‍മാണം മന്ദഗതിയിലായതോടെ ജനം ദുരിതത്തിലായി നൂറനാട് പഞ്ചായത്തിലെ ആറ്റുവ വാര്‍ഡില്‍നിന്ന് അച്ചന്‍കോവിലാറിനു കുറുകെ വെണ്മണിയിലേക്ക് സുഗമമായി പ്രദേശവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും യാത്രക്കാര്‍ക്കും സഞ്ചരിക്കാനാണ് പുതിയ പാലം നിര്‍മാണം ആരംഭിച്ചത്.
മുമ്പ് ഇവിടെ ഉണ്ടായിരുന്ന വീതി കുറഞ്ഞ കോണ്‍ക്രീറ്റ് പാലം 2018ലെ പ്രളയത്തില്‍ തകര്‍ന്ന് ഒലിച്ചുപോയിരുന്നു. പാലം തകര്‍ന്നതോടെ ആറിന്റെ ഇരുകരകളിലും എത്താന്‍ ജനങ്ങള്‍ കടത്തുവള്ളങ്ങളെ ആശ്രയിച്ചു തുടങ്ങി. തുടര്‍ന്നാണ് പുതിയ പാലം നിര്‍മിക്കാന്‍ നാലുവര്‍ഷം മുമ്പ് അനുമതി ലഭിച്ചത്.
പാലം നിര്‍മിക്കാന്‍ 12.50 കോടി അനുവദിച്ചു. സ്വകാര്യവ്യക്തികളില്നിന്നും സ്ഥലം ഏറ്റെടുക്കാന്‍ 2.75 കോടി മാറ്റിവച്ചു. നിര്മാണപ്രവര്ത്തനങ്ങള്ക്കു കാലതാമസം വന്നതോടെ അടങ്കല്‍ തുക 15.57 കോടിയായി ഉയര്‍ത്തി. വസ്തുവാങ്ങാനുള്ള തുക 4.5 കോടിയാക്കി വര്‍ധിപ്പിച്ചു.
എന്നിട്ടും വസ്തു വാങ്ങി ഇരുഭാഗത്തേയും റോഡുനിര്‍മാണം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന പൊതുമരാമത്ത് പാലം വിഭാഗത്തിന് ഇതുവരെ കഴിഞ്ഞില്ല. പാലം നാടിനു സമര്‍പ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പാലം നിര്‍മാണം അനന്തമായി നീളുന്നതിനെതിരേ നിരവധി പ്രതിഷേധ സമരങ്ങളും ഇവിടെ നടന്നിരുന്നു. 11 മീറ്റര്‍ വീതിയില്‍ 109 മീറ്റര്‍ നീളത്തിലുള്ള പാലത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്.
മാവേലിക്കര എംഎല്‍എ എം. എസ്. അരുണ്‍ കുമാറും ചെങ്ങന്നൂര്‍ എംഎല്‍എയും മന്ത്രിയുമായ സജി ചെറിയാനും അടിയന്തരമായി ഇടപെടല്‍ നടത്തി പാലം നിര്‍മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.