പിറന്നാൾ ആഘോഷം നടക്കേണ്ട വീട് കണ്ണീർക്കടലായി
1487757
Tuesday, December 17, 2024 5:09 AM IST
പത്തനംതിട്ട: മല്ലശേരി വട്ടക്കുളഞ്ഞി പുത്തന്‍വിള കിഴക്കേതില്‍ വീട്ടില്‍ ഇന്നലെ ഒരു പിറന്നാൾ ആഘോഷത്തിനു തയാറെടുപ്പ് നടത്തിയിരുന്നു. വിവാഹിതയായ ശേഷം ആദ്യത്തെ ജന്മദിനം ആഘോഷിക്കാന്‍ പോകുന്ന മകള്‍ അനുവിനുവേണ്ടിയുള്ള സമ്മാനങ്ങള്‍ അച്ഛന് ബിജു നേരത്തേതന്നെ വാങ്ങിയിരുന്നു.
മകളെയും മരുമകനെയും കൂട്ടി ഇന്നലെ മകളുടെ പിറന്നാൾ ആഘോഷിക്കാൻതന്നെയായിരുന്നു ബിജുവിന്റെ തീരുമാനം. എന്നാൽ വിധി അതിന് അനുവദിച്ചില്ല.
അനുവിന്റെ പിറന്നാളിനു നല്കാന് സമ്മാനങ്ങള്‍ വാങ്ങിയശേഷമാണ് ബിജു പി.ജോര്‍ജ്, മരുമകന് നിഖിലിന്റെ പിതാവ് മത്തായി ഈപ്പനെയും കൂട്ടി തിരുവനന്തപുരം വിമാനത്താവളത്തിലേക്കു പോയത്. തിരികെ വരുന്നവഴിയാണ് മുറിഞ്ഞകല്ലില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ ശബരിമല തീര്‍ഥാടകരുടെ ബസിലിടിച്ച് അപകടമുണ്ടായത്. നിഖിൽ - അനു ദന്പതികളും ഇരുവരുടെയും അച്ഛൻമാരായ മത്തായി ഈപ്പനും ബിജു പി. ജോർജുമാണ് അപകടത്തിൽ മരിച്ചത്.
അനുവിന്റെ പിറന്നാളായതിനാലാണ് മലേഷ്യൻ യാത്ര കഴിഞ്ഞ ദന്പതികൾ ഞായറാഴ്ച തന്നെ വീട്ടിലെത്താൻ തീരുമാനിച്ചത്. നിഖിലിന്റെ വീട്ടിലും അനുവിന്റെ പിറന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചിരുന്നു. 27ന് നിഖിലിന്റെ ജന്മദിനമാണ്. എട്ടുവർഷമായി പ്രണയത്തിലായിരുന്ന ഇരുവരും എവിടെ ആയിരുന്നാലും ജന്മദിനങ്ങളിൽ മറക്കാതെ സമ്മാനങ്ങൾ കൈമാറിയിരുന്നു. വിവാഹശേഷമുള്ള പിറന്നാളിനു പ്രത്യേകത ഏറെ ഇരുവരും കണ്ടിരുന്നു.
പൂങ്കാവ് സെന്റ് മേരീസ് കാത്തോലിക്കാ പള്ളിയിലെ ഗായകസംഘത്തിന്റെ ലീഡറായിരുന്നു മരിച്ച അനു. എംഎസ്ഡബ്ള്യു പഠനം തുടരുന്നതിനിടെ ഇടവകയിലെ ഗായകസംഘത്തെ നയിച്ചു. കഴിഞ്ഞ തിരുനാൾ ദിനങ്ങളിലും അനു ഗാനങ്ങൾ ആലപിക്കാനുണ്ടായിരുന്നു.
അനുവിന്റെയും നിഖിലിന്റെയും വീട്ടിലേക്ക് ഇന്നലെ അനുശോചനവുമായി നിരവധിയാളുകളാണ് എത്തിയത്. രണ്ടിടങ്ങളിലും അമ്മമാരെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല. ഭർത്താവും മക്കളും നഷ്ടപ്പെട്ട അവസ്ഥിയിലായിരുന്നു അവർ. നിഖിലിന്റെ സഹോദരി നിത ഇന്നലെ വിദേശത്തുനിന്ന് എത്തി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറന്പിൽ, ഡിസിസി ഭാരവാഹികൾ എന്നിവർ ഇന്നലെ ഇരുവീടുകളും സന്ദർശിച്ചു.