കുടുംബകലഹങ്ങള്‍ കുട്ടികളെ ദോഷകരമായി ബാധിക്കുന്നു
1488151
Wednesday, December 18, 2024 7:44 AM IST
ആലപ്പുഴ: മദ്യപാനാസക്തി മൂലമുള്ള പ്രശ്നങ്ങള്‍ ഗാര്‍ഹികാന്തരീക്ഷത്തെ സംഘര്ഷഭരിതമാക്കുന്നതായി വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി. സംസ്ഥാന വനിതാ കമ്മീഷന് ആലപ്പുഴ ഗസ്റ്റ്ഹൗസില്‍ സംഘടിപ്പിച്ച ജില്ലാതല അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു കമ്മീഷന് അധ്യക്ഷ.
ജില്ലയിലെ അദാലത്തില്‍ ലഭിച്ച പരാതികളില്‍ നല്ലൊരു ശതമാനവും ഗാര്‍ഹിക ചുറ്റുപാടുകളിലെ പ്രശ്നങ്ങളായിരുന്നു. ഭാര്യാ-ഭര്‍തൃ കലഹങ്ങള്‍ കുട്ടികളുടെ മാനസികനിലയെയും പഠനത്തെയും ദോഷകരമായി ബാധിക്കുന്നതായി പരാതികളില്‍നിന്ന് മനസിലാക്കാന്‍ കഴിഞ്ഞു.
അയല്പക്ക, അതിര്‍ത്തിത്തര്‍ക്കങ്ങളും മദ്യപാനത്തെത്തുടര്‍ന്നുള്ള അയല്പക്ക കലഹങ്ങളും കമ്മീഷനു മുമ്പാകെ എത്തിയിട്ടുണ്ട്. പല കേസുകളിലും പരാതി കൊടുത്താലും പോലീസ് സമയബന്ധിതമായി ഇടപെടുന്നില്ലെന്ന ആക്ഷേപവും സ്ത്രീകളുടെ ഭാഗത്തുനിന്ന് ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകളുടെ പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ പോലീസ് ജാഗ്രത പുലര്‍ത്തണമെന്നു കമ്മീഷന് അധ്യക്ഷ പറഞ്ഞു.
പരാതികള്‍ ലഭിക്കുമ്പോള്‍ അന്വേഷിച്ച് ആവശ്യമായ തുടര്‍നടപടികള്‍ എടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യേണ്ടവയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും വേണം. കമ്മീഷനു മുമ്പാകെ എത്തുന്ന പരാതികളില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട് എന്ന് ബോധ്യപ്പെട്ടാല്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടുകയാണ് കമ്മീഷന് ചെയ്യുന്നത്. പക്ഷേ പലപ്പോഴും പോലീസിന്റെ ഭാഗത്തുനിന്നു സമയബന്ധിതമായി റിപ്പോര്‍ട്ട് ലഭിക്കാത്ത സ്ഥിതിയുണ്ട്. പത്തു പരാതികളാണ് ഇന്നു പോലീസ് റിപ്പോര്‍ട്ടിനായി കൈമാറിയിട്ടുള്ളത്.
പണമിടപാട് തര്‍ക്കങ്ങളില്‍ പോലീസിനെതിരേ ആക്ഷേപം ഉയര്‍ന്ന പരാതികളും കമ്മീഷന് മുമ്പാകെ എത്തിയിട്ടുണ്ട്. പോലീസുകാര്‍ക്കെതിരായ പരാതികളില്‍ അന്വേഷിച്ചു കൃത്യമായ റിപ്പോര്‍ട്ട് നല്‍കണമെന്നു കമ്മീഷന് ആവശ്യപ്പെട്ടു.
വാര്‍ഡുതല ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം ജില്ലയില്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും അയല്പക്ക തര്‍ക്കങ്ങളിലും മദ്യപാനം മൂലമുള്ള ഗാര്‍ഹിക പ്രശ്നങ്ങളിലും ജാഗ്രതാസമിതികളുടെ ഫലപ്രദമായ ഇടപെടല്‍ ആവശ്യമാണെന്നും കമ്മീഷന് നിരീക്ഷിച്ചു. ജാഗ്രതാസമിതികള്‍ കാര്യക്ഷമമാണെങ്കില്‍ സൗഹാര്‍ദപരമായ അന്തരീക്ഷം ഗ്രാമപ്രദേശങ്ങളില്‍ നിലനിര്‍ത്താന്‍ കഴിയുമെന്നും അധ്യക്ഷ പറഞ്ഞു.
ആലപ്പുഴ ഗസ്റ്റ്ഹൗസില്‍ സംഘടിപ്പിച്ച ജില്ലാതല അദാലത്തില്‍ സംസ്ഥാന വനിതാ കമ്മീഷന് 62 പരാതികളാണു പരിഗണിച്ചത്. 15കേസുകള്‍ തീര്‍പ്പാക്കി. 10 കേസുകളില്‍ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിക്കു മൂന്നു കേസുകളും ജാഗ്രതാസമിതിക്കു രണ്ടു കേസുകളും കൈമാറി. 32 പരാതികള്‍ അടുത്ത സിറ്റിംഗിലേക്കു മാറ്റി.
അദാലത്തില്‍ പുതുതായി നാലു പരാതികളും ലഭിച്ചു. രാവിലെ 10ന് ആരംഭിച്ച അദാലത്തില്‍ അധ്യക്ഷയ്ക്കൊപ്പം കമ്മീഷന് അംഗമായ വി.ആര്. മഹിളാമണിയും പങ്കെടുത്തു.
പാനല്‍ അഭിഭാഷകരായ അഡ്വ. ജിനു ഏബ്രഹാം, അഡ്വ. രേഷ്മ ദിലീപ്, വനിതാ സെല്‍ എസ്ഐ എന്നിവരും ഉണ്ടായിരുന്നു.