എടമനക്കടവ് റോഡ് നിര്‍മാണം നീളുന്നു; ജനം ദുരിതത്തിൽ
1487761
Tuesday, December 17, 2024 5:09 AM IST
തുറവൂര്‍: കായലോര തീരദേശവാസികള്‍ വഴിയില്ലാതെ ബുദ്ധിമുട്ടില്‍. എഴുപുന്ന ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കോലത്തുശേരി -തോട്ടപ്പള്ളിക്ഷേത്രം റോഡില്‍നിന്നു കായലോര പ്രദേശവുമായി ബന്ധിച്ച് കരിക്കനംശേരി -കാക്കത്തുരുത്തു ഫെറി റോഡുമായി ബന്ധിപ്പിക്കാവുന്ന എടമനക്കടവ് റോഡ് നിര്‍മാണത്തിനുവേണ്ടിയുള്ള പ്രാരംഭനടപടികള്‍ നടത്തിയെങ്കിലും നിര്‍മാണം തടസപ്പെട്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.
ഒരു വ്യക്തിയുടെ സമ്മതം ഇല്ലാത്തതാണു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസപ്പെടാന്‍ കാരണമെന്ന് കായലോരവാസികള്‍ പറയുന്നു. കായലോരത്തു താമസിക്കുന്ന ഇരുപതോളം വരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഇതോടെ ഏറെ ദുരിതത്തിലാണ്. പാഴ്മരങ്ങളും പുല്ക്കാടുകളുമായി മാറിയ പ്രദേശത്ത് കാല്‍നടയാത്ര പോലും അസാധ്യമാകുന്നു. ഇഴജന്തുക്കളെ ഭയന്നാണ് ഇവര്‍ ഓരോ ദിവസവും കഴിയുന്നത്.
വേലിയേറ്റം ശക്തമായതോടെ വാഹനയാത്രയും അപകടകരമാണ്. വഴികാണാനാകാതെ തെന്നിവീഴുന്നതു നിത്യസംഭവമാണ്. ഹൃദയ -അര്ബുദരോഗികളായവരും ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. വളരെ ബുദ്ധിമുട്ടിയാണ് ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകുന്നത്. എത്രയും വേഗം ഇവിടത്തെ ജനങ്ങളുടെ യാത്രാദുരിതത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ അധികാരികള്‍ തയാറാകണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.