ഉളവെയ്പ് കായൽ കാർണിവലിന് പത്ത് വയസ്! ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
1488145
Wednesday, December 18, 2024 7:44 AM IST
പൂച്ചാക്കല്‍: ഒരു ഗ്രാമത്തിന്റെ ഒരു വര്‍ഷത്തെ കാത്തിരിപ്പ്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഉളവെയ്പില്‍ എത്തുന്നവര്‍ക്ക് വിളമ്പാന്‍ കപ്പയും കൈതപ്പുഴ കായലില്‍നിന്ന് അമ്മമാര്‍ മുങ്ങി വാരിയെടുത്ത് വേവിച്ച കക്കായിറച്ചിയും ഒരുക്കി കാത്തിരിക്കുകയാണ് തൈക്കാട്ടുശേരി പഞ്ചായത്തിലെ ഉളവെയ്പിലെ ഗ്രാമവാസികള്‍.
ചെറിയ ആഘോഷമായി ആരംഭിക്കുകയും കൊച്ചിന് കാര്‍ണിവലിനൊപ്പം വളരുകയും ചെയ്ത ചരിത്രമാണ് ഉളവെയ്പ് കായല്‍ കാര്‍ണിവലിന്റേത്. ഒരു മാസം സമയമെടുക്കുന്ന പപ്പാഞ്ഞി നിര്‍മാണം കായല്‍ തീരത്ത് പുരോഗമിക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച സൂര്യാസ്തമയമാണ് ഇവിടെയെന്ന് നാഷണല്‍ ജിയോഗ്രഫി ചാനല്‍ അടയാളപ്പെടുത്തിയതോടെ സഞ്ചാരികള്‍ ധാരാളമായി എത്തുന്നുണ്ട്. ഈ വര്‍ഷം അമ്യൂസ്മെന്റ് പാര്‍ക്ക്, വാനനിരീക്ഷണം, കൈകൊട്ടല്‍ മത്സരം, ഞണ്ടുകൃഷിയിലെ നൂതന സാങ്കേതികവിദ്യാ സെമിനാര്‍ തുടങ്ങിയവയുമുണ്ട്. സജി പാറു നയിക്കുന്ന ഫോക്ക് റെവല്യൂഷനാണ് ഇത്തവണത്തെ കാര്‍ണിവലിന്റെ പ്രധാന ആകര്‍ഷണം.
കെ.സി. വേണുഗോപാല്‍ എംപി, എംഎല്‍എമാരായ ദെലീമ ജോജോ,കെ.ജെ. മാക്സി തുടങ്ങിയവര്‍ പുതുവര്‍ഷ സന്ദേശങ്ങള്‍ നല്‍കും. ആഘോഷത്തിനെത്തിയ ജനക്കൂട്ടത്തില്‍നിന്ന് നറുക്കെടുപ്പിലൂടെ ഒരാളായിരിക്കും 31ന് രാത്രി 12ന് പപ്പാഞ്ഞി കത്തിച്ച് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. സംഗീത സംവിധായകന് സണ്ണി മാധവന് ചെയര്‍മാനും സഫിന് പി. രാജ് കണ്‍വീനറും സന്ദീപ് രാജ് ട്രഷററും നടന് സന്ദീപ് മോഹന്‍ ക്യുറേറ്ററുമായ സംഘാടക സമിതിയാണ് കായല്‍ 10 എന്ന പേരില്‍ ഇത്തവണ ആഘോഷത്തെ നയിക്കുന്നത്.