സിവില്‍ സ്റ്റേഷന് പരിസരത്ത് ശുചിമുറി നിര്‍മിക്കണം: ചമ്പക്കുളം വികസനസമിതി
1488148
Wednesday, December 18, 2024 7:44 AM IST
മങ്കൊമ്പ്: കുട്ടനാട് സിവില്‍ സ്റ്റേഷന് പരിസരത്ത് ശുചിമുറി നിര്‍മിക്കണമെന്ന് ചമ്പക്കുളം വികസന സമിതി ആവശ്യപ്പെട്ടു. കുട്ടനാട് താലൂക്ക് ആസ്ഥാനമായ മങ്കൊമ്പ് തെക്കേക്കരയില്‍ താലൂക്കിലെ എല്ലാ പ്രധാന ഓഫീസുകളും പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷൻ, കൂടാതെ എം.എസ്. സ്വാമിനാഥന് നെല്ല് ഗവേഷണ കേന്ദ്രം, സബ് ട്രഷറി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പുളിങ്കുന്ന് പോലീസ് സ്റ്റേഷൻ, ചമ്പക്കുളം വില്ലജ് ഓഫീസ് എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സ്റ്റേഷന് പരിസരത്ത് ശുചിമുറി നിര്‍മിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് വികസന സമിതി ചൂണ്ടിക്കാട്ടി.
പെന്ഷന് വാങ്ങാന്‍ ട്രഷറിയില്‍ എത്തുന്ന മുതിര്‍ന്ന പൗരന്മാര് ഉള്‍പ്പടെ നൂറുകണക്കിനു പൊതുജനങ്ങളാണ് സിവില്‍ സ്റ്റേഷനില്‍ നിത്യേന എത്തുന്നത്.
ശുചിത്വമിഷനും ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ക്കും ശുചി മുറികള്‍ നിര്‍മിക്കാന്‍ പദ്ധതികള്‍ ഉണ്ടെങ്കിലും കുട്ടനാട് താലൂക്ക് ആസ്ഥാനത്ത് ഇതുവരെ ഇതിന്റെ പ്രയോജനം ലഭിച്ചിട്ടില്ല. കുട്ടനാട് സിവില്‍ സ്റ്റേഷന് പരിസരത്ത് പൊതു ശുചിമുറി നിര്‍മിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൂടാതെ സമിതി ജില്ലാ കളക്ടര്‍ക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.
പ്രസിഡന്റ് ഡി. തങ്കച്ചന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി അഗസ്റ്റിന് ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ കെ ശശിധരന്, കെ. മുരളി, ബി. ഹരികുമാര്‍, എ. എസ്. സിന്ധുമോള്‍ എന്നിവര്‍ സമിതി യോഗത്തില്‍ പ്രസംഗിച്ചു.