തണ്ണീര്‍മുക്കം ടൂറിസം: ആദ്യഘട്ടം തണ്ണീര്‍മുക്കം ഫെസ്റ്റ് നടത്തും
1487765
Tuesday, December 17, 2024 5:18 AM IST
ചേർത്തല: സ്വാഭാവിക പ്രകൃതി ഭംഗിയുടെ കലവറയായ തണ്ണീർമുക്കം പഞ്ചായത്ത് ടൂറിസം മേഖലയിൽ വൻ മുന്നേറ്റങ്ങൾ ലക്ഷ്യംവച്ചുകൊണ്ടുള്ള പദ്ധതികൾക്ക് രൂപരേഖ തയാറാക്കുന്നു. വിവിധ മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തിക്കൊണ്ട് തണ്ണീർമുക്കത്തെ ഉത്തരവാദിത്വ ടൂറിസം ഹബ് ആക്കി മാറ്റാനുള്ള ശ്രമത്തിനു മുന്നോടിയായുള്ള ശ്രമങ്ങള്‍ക്കു തുടക്കമായി.
ഇതിന്റെ ഭാഗമായി നടത്തുന്ന തണ്ണീർമുക്കം ഫെസ്റ്റിന്റെ സംഘാടകസമിതി രൂപീകരണയോഗം തണ്ണീർമുക്കം കെറ്റിഡിസിയിൽ നടന്നു. തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമോൾ കലേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ മിനി ലെനിൻ, സീന സുർജിത്, വി.എസ്. സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി.കെ. മുകുന്ദൻ, യു.എസ്. സജീവ്, മിനി ബിജു, പഞ്ചായത്തംഗം പ്രവീൺ ജി. പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു.
പഞ്ചായത്ത് സെക്രട്ടറി പി.പി. ഉദയസിംഹൻ ഉത്തരവാദടൂറിസം പദ്ധതിയുടെ ആമുഖം അവതരിപ്പിച്ചു. ഡോ. അനിത ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളും, രാഷ്ട്രീയ-സാമൂഹ്യ സാംസ്കാരികരംഗത്തെ പ്രമുഖരും സിഡിഎസ്, എഡിഎസ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. മന്ത്രി പി. പ്രസാദ്, കെ.സി. വേണുഗോപാൽ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി,
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ, ജില്ലാ പഞ്ചായത്തംഗം പി.എസ്. ഷാജി, എം.കെ. ഉത്തമൻ എന്നിവരെ രക്ഷാധികാരികളായും ജി. ശശികല ചെയർമാനും പി.പി. ഉദയസിംഹന്‍ കൺവീനറുമായുള്ള കമ്മിറ്റിയെ തെരഞ്ഞെടുത്തു.