പൈപ്പുകളും ടാപ്പുകളും കാഴ്ചവസ്തു; കുടിവെള്ളം കിട്ടാതെ നാട്ടുകാർ
1467175
Thursday, November 7, 2024 5:06 AM IST
അന്പലപ്പുഴ: പൈപ്പുകളും ടാപ്പുകളും കാഴ്ചവസ്തുവാകുന്നു. കുടിക്കാൻ ഒരുതുള്ളി വെള്ളം കിട്ടാനില്ല. ദിവസേന വിലകൊടുത്ത് കുടിവെള്ളം വാങ്ങി നാട്ടുകാർ. അമ്പലപ്പുഴ തെക്ക് പഞ്ചായത്തിന്റെ പ്രദേശ വാർഡുകളിലാണ് കുടിവെള്ളം കിട്ടാക്കനിയായി മാറിയത്.
ജൽജീവൻ പദ്ധതിയിലുൾപ്പെടുത്തി ഈ പ്രദേശത്തെ വീടുകളിലെല്ലാം പൈപ്പ് ലൈൻ രണ്ടുവർഷം മുൻപ് സ്ഥാപിച്ചതാണ്. ഒരുവർഷത്തോളം ഇതിൽനിന്ന് കുടിവെള്ളം ലഭിച്ചില്ല. പിന്നീട് മറ്റൊരു ടാങ്ക് നിർമിച്ചതോടെയാണ് കുടിവെള്ളം ലഭിച്ചുതുടങ്ങിയത്. എന്നാലിപ്പോൾ കഴിഞ്ഞ ഏതാനും മാസമായി പ്രദേശത്തെ 50ലധികം വീടുകളിൽ ഈ പൈപ്പ് ലൈനുകളിൽനിന്ന് ഒരുതുള്ളി കുടിവെള്ളം കിട്ടാത്ത സ്ഥിതിയാണ്.
പല വീട്ടുകാർക്കും മോട്ടോറിൽനിന്നുള്ള മലിനജലം ഉപയോഗിക്കേണ്ട അവസ്ഥയാണ്. വീട്ടാവശ്യത്തിന് എല്ലാ ദിവസവും പണം മുടക്കി കുടിവെള്ളം വാങ്ങി ഉപയോഗിക്കേണ്ടി വരുന്നുവെന്നാണ് ഇവർ പറയുന്നത്.
ഇത് മിക്ക കുടുംബങ്ങൾക്കും വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവയ്ക്കുന്നത്. പരാതി പലതവണ അധികൃതരെ അറിയിച്ചിട്ടും ടാപ്പുകളിൽ ഒന്നുപോലും മാസങ്ങൾ കഴിഞ്ഞിട്ടും കുടിവെള്ളമെത്തിയിട്ടില്ല. ഇനി എത്രനാൾ ഇങ്ങനെ പണം മുടക്കി കുടിവെള്ളം വാങ്ങേണ്ടിവരുമെന്നാണ് ഇവർ ചോദിക്കുന്നത്.