അനധികൃത മത്സ്യബന്ധനം: സംയുക്ത പരിശോധന നടത്തി
1467173
Thursday, November 7, 2024 5:06 AM IST
അമ്പലപ്പുഴ: അനധികൃത മത്സ്യബന്ധനത്തിനെതിരേ തോട്ടപ്പള്ളി ഹാർബറിലടക്കം പരിശോധന കർശനമാക്കി. അർത്തുങ്കൽ, തോട്ടപ്പള്ളി തീരദേശ പോലീസും ഫിഷറീസ് ഉദ്യോഗസ്ഥരുമാണ് പരിശോധനയ്ക്കു നേതൃത്വം കൊടുക്കുന്നത്. ജില്ലയിലെ കടലിൽ ചെല്ലാനം മുതൽ ആറാട്ടുപുഴ വരെയാണ് പരിശോധന.
കഴിഞ്ഞദിവസം പൊന്നാനി, എറണാകുളം സ്വാദേശികളുടെ മൂന്നു ബോട്ടുകൾ പിടികൂടിയിരുന്നു. ഒറ്റമശേരി ഭാഗത്തുനിന്നാണ് ബോട്ടുകൾ കസ്റ്റഡിയിൽ എടുത്തത്. ദൂരപരിധി ലംഘിച്ചു തീരത്തിനോട് ചേർന്ന് മത്സ്യബന്ധനം നടത്തിയതാണ് ഇവർക്കെതിരെയുള്ള കുറ്റം. പിഴ അടപ്പിച്ചതിനുശേഷം പിന്നീട് ബോട്ടുകൾ വിട്ടുനൽകി.
പുറംകടലിൽ മത്സ്യബന്ധനം നടത്തേണ്ട ട്രോളറുകൾ തീരത്തോടടുത്ത് മത്സ്യബന്ധനം നടത്തുന്നതിനെതിരേ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
ഈ സാഹചര്യത്തിൽ കടലിൽ സംഘർഷസാധ്യത ഒഴിവാക്കാനാണ് പോലീസിന്റെ നേതൃത്വത്തിൽ ഫിഷറീസ് ഉദ്യോഗസ്ഥരുടെ പരിശോധന. വരും ദിവസങ്ങളിലും തുടരും. വളർച്ചയെത്താത്ത ചെറുമീൻ പിടിക്കുന്നവരുടെ പേരിലും നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.