ചാരുംമൂട് മേഖലയിൽ മൂന്നു പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തം പടരുന്നു
1467169
Thursday, November 7, 2024 5:03 AM IST
ചാരുംമൂട്: ചാരുംമൂട് മേഖലയിലെ മൂന്നു പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തം പടരുന്നു. നൂറനാട്, ചുനക്കര, പാലമേൽ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. രണ്ടാഴ്ചയായി നിരവധി പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിരവധിപ്പേർ നിരീക്ഷണത്തിലുമാണ്.
നൂറനാട് പഞ്ചായത്തിൽ മാത്രം പത്തിലധികം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വിദ്യാർഥികൾക്കിടയിലും രോഗ വ്യാപനഭീഷണി ഉള്ളതിനാൽ രക്ഷകർത്താക്കളെ ഇത് ആശങ്കയിലാക്കിയിട്ടുണ്ട്.
രോഗബാധിതരിൽനിന്നു രോഗം പടർന്നെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ജില്ലയ്ക്കു പുറത്തുനിന്നെത്തിയവരിലാണ് ആദ്യം രോഗബാധ കണ്ടെത്തിയത് എന്നാണു വിവരം. ചുനക്കര, പാലമേൽ പഞ്ചായത്തുകളിൽ ഇരുപതോളം പേർ നിരീക്ഷണത്തിലാണ്. നൂറനാട് പഞ്ചായത്തിലെ രണ്ടു വാർഡുകളിലാണ് രോഗബാധ.
രോഗബാധിതരുമായി ആഹാരം പങ്കിടുന്നതിലൂടെയും രോഗബാധി തർ ഉപയോഗിക്കുന്ന ശുചിമുറി, ബക്കറ്റ്, മഗ്, ആഹാരം കഴിക്കുന്ന പാത്രം എന്നിവ ഉപയോഗിക്കുന്ന തിലൂടെയും രോഗം മറ്റുള്ളവരിലേക്കു പകരും.
രോഗബാധിതർ താമസിക്കുന്ന പ്രദേശങ്ങളിലെ പൊതുടാപ്പുകളിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലാണെന്നും പരിശോധനയിൽ കണ്ടെത്തി. ചില കിണറുകളിലെ വെള്ളത്തിലും കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണ്. ഇതു മഞ്ഞപ്പിത്തതിനു കാരണമാകില്ലെങ്കിലും ഉദരരോഗങ്ങൾക്കു കാരണമാകാം.
പ്രദേശത്തെ ശുദ്ധജല പദ്ധതിയിലെ വെള്ളത്തിന്റെ ശുദ്ധീകരണ പ്രക്രിയ ഉറപ്പുവരുത്താൻ ആരോഗ്യവകുപ്പ് പഞ്ചായത്തുകൾക്ക് നോട്ടീസ് നൽകി. ഇതിൻപ്രകാരം പാറ്റൂർ ശുദ്ധജല പദ്ധതിയിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്കു നൽകി.
ജാഗ്രതാനിർദേശം നൽകി
മഞ്ഞപ്പിത്തം വ്യാപകമായ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം പുറത്തിറക്കി. പൊതുജനങ്ങളും ആഹാരം കൈകാര്യം ചെയ്യുന്ന സ്ഥാ പനങ്ങളും ശുചിത്വത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
രോഗബാധിതരിൽ നിന്നു രോഗം മറ്റുള്ളവരിലേക്ക് അതിവേഗം പകരുമെന്നതിനാൽ രോഗബാധിതരും അവരുമായി സമ്പർക്ക ത്തിൽ വരുന്നവരും ശുചിത്വ കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗാണു ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകാൻ 15 മുതൽ 50 ദിവസം വരെ എടുക്കാം. രോഗബാധിതർ ആഹാരം പാചകം ചെയ്യുക, വിളമ്പുക പോലെയുള്ള കാര്യങ്ങൾ ചെയ്യരുത്. പൊതുചടങ്ങുകൾ ഒഴിവാക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ആർഒ പ്ലാന്റിലെയോ ഫിൽറ്ററിലെയോ വെള്ളമാണെങ്കിലും തിളപ്പിച്ചാറിയേ കുടിക്കാവൂ. തിള പ്പിച്ച വെള്ളം തണുപ്പിക്കാനായി പച്ചവെള്ളം ചേർക്കരുത്.
ശുചിമുറി ഉപയോഗിച്ചതിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. ഭക്ഷണം കഴിക്കുന്നതിന് മുൻപ് സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. പനി, ശരീരവേദന, ഓക്കാനം, ഛർദി, വിശ പ്പില്ലായ്മ എന്നീ ലക്ഷണ ങ്ങൾ ഉണ്ടായാൽ ചികിത്സ തേടുക.
ആരോഗ്യമന്ത്രിക്ക് കത്തു നൽകി
ചാരുംമൂട്: മഞ്ഞപ്പിത്തം വ്യാപിക്കുന്നതിനെത്തുടർന്ന് അടിയന്തര ഇടപെടൽ തേടി കൊടിക്കുന്നിൽ സുരേഷ് എംപി ആരോഗ്യമന്ത്രി വീണാ ജോർജിന് കത്തു നൽകി.
മഞ്ഞപ്പിത്ത രോഗം കൂടാതെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ കൂടി ജനങ്ങളിലേക്ക് പടർന്നുപിടിക്കാതിരിക്കാൻ മുൻകരുതൽ നടപടികൾ എന്ന നിലയിൽ പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ അടക്കമുള്ളവ പ്രദേശത്ത് നടത്തണമെന്ന് ആവശ്യപ്പെട്ടതാണ് എംപി കത്തു നൽകിയത്.