പുത്തൻതോട് പാലം നിർമാണം: യുഡിഎഫ് ധർണ നടത്തി
1467168
Thursday, November 7, 2024 5:03 AM IST
പുളിങ്കുന്ന്: പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകളെ ബന്ധിപ്പിക്കുന്ന പുത്തൻതോട് പാലത്തിന്റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കി തോട് ജലഗാതാഗതത്തിന് തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പുളിങ്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈനർ ഇറിഗേഷൻ എ.ഇ ഓഫീസിനു മുന്പിൽ ധർണ നടത്തി.
കരാർ കാലാവധി കഴിഞ്ഞിട്ടും നിർമാണം പൂർത്തിയാക്കാത്ത കരാറുകാരന്റെ പേരിൽ നടപടി എടുക്കാതെ ഒളിച്ചുകളി നടത്തുന്നത് കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണെന്ന് യോഗം ആരോപിച്ചു.
നിർമാണപ്രവർത്തനം മുടങ്ങിയിട്ടും രണ്ടു കോടി രൂപയുടെ പാർട്ട് ബില്ല് മാറിയത് ഇതിനുദാഹരണമാണ്. പാലം പണി മുടങ്ങിയിട്ടും ഭാഗികമായി ബില്ല് മാറിക്കൊടുത്തതിനെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ തങ്കച്ചൻ വാഴച്ചിറ അധ്യക്ഷത വഹിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു. സി.വി. രാജീവ് മുഖ്യപ്രഭാഷണം നടത്തി. അലക്സ് മാത്യു, പി.കെ. ആന്റണി, ജോഷി കൊല്ലാറ, ജോസഫ് ജോസഫ് മാന്പൂത്തറ, പുഷ്പ ബിജു, മനോജ് കാനാച്ചേരി, എം.എം. ജോസഫ്, സി.ടി. കുര്യൻ, പി.ഡി. ശശികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.