ഭിന്നശേഷി യുവാവിനു മർദനം: പ്രതിഷേധം ശക്തമാകുന്നു
1467167
Thursday, November 7, 2024 5:03 AM IST
മാന്നാര്‍: ഭിന്നശേഷിക്കാരനെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഭിന്നശേഷിക്കാരുടെ സംഘടനയായ ഡിഎഡബ്ല്യുഎഫ് പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തി. ഡിഎഡബ്ല്യുഎഫ് ജില്ലാ സെക്രട്ടറിയും സിപിഎം എണ്ണയ്ക്കാട് ലോക്കല്‍ കമ്മിറ്റി അംഗവുവായ ഉളുന്തി പൂങ്കോയിക്കല്‍ വീട്ടില്എസ്. ഹരികുമാറി(56)നെ മാന്നാര്‍ പോലീസ് സ്റ്റേഷനില്‍ എസ്എച്ച്ഒ എ. അനീഷ്, എസ്ഐ അഭിരാം എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തിയത്.
മാന്നാര്‍ തൃക്കുരട്ടി ജംഗ്ഷനില്‍നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് പോലീസ് സ്റ്റേഷന് റോഡിലേക്ക് പ്രവേശിച്ചപ്പോള്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു.
തുടര്‍ന്ന് ഡിഎഡബ്ല്യുഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്യ ബൈജുവിന്റെ അധ്യക്ഷതയില്‍ കൂടിയ പ്രതിഷേധയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ഗിരീഷ് കീര്‍ത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹരിപ്പാട് രാധാകൃഷ്ണന്, സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജയ ഡാലി, സംസ്ഥാന ജോയിന്റ് സെക്രട്ടറി അജി അമ്പാടി, ജില്ലാ ട്രഷറര്‍ ഉദയന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഹരികുമാറിന്റെ വീടിനു സമീപത്തുള്ള യുവാവിന്റെ ബൈക്ക് പരുമല പെരുന്നാള്‍ ദിനമായ രണ്ടിന് മാന്നാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇത് തിരികെ ലഭിക്കുന്നതിനായി പോലീസ് പറഞ്ഞതിന് പ്രകാരമാണ് കഴിഞ്ഞദിവസം ഹരികുമാറും പഞ്ചായത്തംഗമായ സുജാതയും മാന്നാര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്.
എസ്ഐയുടെ മുറിയിലേക്കു കയറിയ ഇരുവരെയും എസ്ഐ അസഭ്യം പറയുകയും ഹൃദ്രോഗിയും ഭിന്നശേഷിക്കാരനുമായ ഹരികുമാരിനെ മര്‍ദിക്കുകയും തുടര്‍ന്ന് അവിടേക്ക് എത്തിയ എസ്എച്ച്ഒ ഉച്ചത്തില്‍ അസഭ്യം പറഞ്ഞ് ഹരികുമാറിന്റെ പുറത്തടിക്കുകയും മുറിക്കകത്തുനിന്നു ഹരികുമാറിനെ ഇരുവരും ചേര്‍ന്ന് വെളിയിലേക്ക് തള്ളിയിടുകയുമായിരുന്നുവത്രേ.
ഹരികുമാറിനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം.കെ. ബിനുകുമാര്‍ ഡിഎഡബ്ല്യുഎഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഒരാഴ്ചയ്ക്കുള്ളിൽ നടപടിയെടുക്കുമെന്ന ഉറപ്പിന്മേല് സമരം അവസാനിപ്പിച്ചു.
ഒരാഴ്ചയ്ക്കുള്ളല്‍ നടപടി ഉണ്ടാകാതിരുന്നാല്‍ വീണ്ടും സമരപരിപാടികളുമായി മുന്പോട്ട് പോകുമെന്ന് നേതാക്കള്‍ അറിയിച്ചു. കഴിഞ്ഞദിവസം സിപി എം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മര്‍ദനവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം ആരംഭിച്ചു.