സർക്കാർ വിതരണം ചെയ്ത നെൽവിത്ത് കിളിർക്കുന്നില്ല : കർഷകർ ആശങ്കയിൽ
1467163
Thursday, November 7, 2024 5:03 AM IST
ഹരിപ്പാട്: കൃഷിഭവനുകളുടെ നേതൃത്വത്തിൽ സർക്കാർ വിതരണം ചെയ്ത നെൽവിത്ത് കിളിർക്കുന്നില്ലെന്നു പരാതി. വീയപുരം കൃഷിഭവൻ പരിധിയിലെ മുണ്ടുതോട് പോളത്തുരുത്ത് പാടശേഖരത്തിൽ വിതയിറക്കാൻ വച്ച വിത്താണ് കിളിർക്കാതായത്. വീയപുരം രണ്ടാം വാർഡിൽ കടവിൽപറമ്പിൽ കമറുദീൻ, പുരയ്ക്കൽ പി.ടി. ജോൺ, കൊച്ചാലും ചുവട്ടിൽ അബ്ദുൽ റഷീദ് തുടങ്ങിയ കർഷകർക്കാണ് ഈ ദുരനുഭവം ഉണ്ടായത്.
കമറുദീന്റെ 20 ശതമാനം വിത്തു പോലും കിളിർത്തില്ല. നവംബർ മൂന്നിനാണ് വിതയ്ക്ക് തയാറെടുപ്പ് നടത്തിയത്. സമീപ പാടത്ത് വിതയിറങ്ങിയെങ്കിലും ഈ കർഷകൻ സ്വകാര്യ ഏജൻസിയിൽനിന്നു വിത്തെടുത്ത് കിളിർപ്പിക്കുന്നതിനായി വച്ചിരിക്കയാണ്. മറ്റു കർഷകരാകട്ടെ ഉള്ള വിത്ത് വിതയ്ക്കുകയും ചെയ്തു. തെലുങ്കാനയിൽനിന്നാണ് ഇവിടെ വിത്ത് എത്തിച്ചത്.
വിതച്ച വിത്തിന്റെ ഗുണനിലവാരം മനസിലാക്കിയെങ്കിലേ വിത്തിന്റെ ന്യൂനതയാണോ എന്ന് പറയുവാൻ കഴിയൂ എന്ന് പാടശേഖരസമിതി സെക്രട്ടറി സൈമൺ ഏബ്രഹാം പറഞ്ഞു.
ഏതാനും വർഷം മുമ്പ് ഇതേ പാടശേഖരത്തിന് വിതരണം ചെയ്ത വിത്ത് വ്യാപകമായി കിളിർക്കാതായതോടെ കർഷകർ ഏറെ ദുരിതം അനുഭവിച്ചിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ കൃഷിഭവൻവഴി വിത്ത് വിതരണം ചെയ്തില്ല. കർഷകർ സ്വന്തമായി വിത്ത് സംഭരിക്കാൻ നിർദേ ശം നൽകുകയായിരുന്നു.