പത്തിയൂർ പഞ്ചായത്ത് ഹൈസ്കൂളിൽ ഹൈടെക് സ്റ്റേഡിയം വരുന്നു
1466966
Wednesday, November 6, 2024 5:17 AM IST
കായംകുളം: ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി രൂപ വിനിയോഗിച്ച് പത്തിയൂർ പഞ്ചായത്ത് ഹൈസ്കൂളിൽ നിർമിക്കുന്ന സ്റ്റേഡിയത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
യു. പ്രതിഭ എംഎൽഎയുടെ മണ്ഡല ആസ്തി വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയും കായികവകുപ്പ് അനുവദിച്ച 50 ലക്ഷം രൂപയും വിനിയോഗിച്ചാണ് സ്റ്റേഡിയം നിർമിക്കുന്നത്. ഫുട്ബോൾ, ഹോക്കി എന്നീ കായിക വിനോദങ്ങൾക്ക് മികച്ച പരിശീലനം ലഭിക്കുന്ന രീതിയിലാണ് സ്റ്റേഡിയം സജ്ജമാക്കുന്നത്.
മൂന്നു തട്ടുകളോടു കൂടിയ ഗ്യാലറി, പോൾ ലൈറ്റുകൾ, ഡ്രയിനേജ്, സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടിയുള്ള പ്രത്യേക ചെയ്ഞ്ചിംഗ് റൂമുകൾ, ഭിന്നശേഷികാർക്കുൾപ്പെടെ ടോയ്ലറ്റ് ബ്ലോക്കുകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പോർട്സ് കേരള ഫൗണ്ടേഷനാണ് നിർമാണച്ചുമതല.