സിപിഎം സമ്മേളനത്തില്‍ യൂത്തന്മാരെ തഴഞ്ഞതില്‍ തര്‍ക്കം
1466962
Wednesday, November 6, 2024 5:15 AM IST
ചേര്‍ത്തല: സിപിഎം ചേര്‍ത്തല ടൗണ്‍ ഈസ്റ്റ് ലോക്കല്‍ സമ്മേളനത്തില്‍ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രാതിനിധ്യത്തെ ചൊല്ലി തര്‍ക്കം. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ വനിതാ ബ്രാഞ്ച് സെക്രട്ടറിയും ഒരു പ്രതിനിധിയും സമ്മേളനം ബഹിഷ്കരിച്ചു പരസ്യമായി എതിര്‍പ്പുയര്‍ത്തി.
ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രതിനിധികളെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തത് ഉന്നയിച്ചായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസം നടന്ന കരുവ ലോക്കല്‍ സമ്മേളനത്തില്‍ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയെ തഴഞ്ഞതു വിവാദമായിരുന്നു.
നഗരത്തിലെ ശക്തികേന്ദ്രമായ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയില്‍ ചേരിതിരിവു ശക്തമായിരുന്നെങ്കിലും നേതൃത്വത്തിന്റെ ഇടപെടലില്‍ പൊട്ടിത്തെറികള്‍ ഒഴിവാക്കി സമവായം ഉണ്ടാക്കിയിരുന്നു.
എന്നാല്‍, അതിനിടെ സംസ്ഥാന കമ്മിറ്റി ചട്ടം പാലിക്കാതെയുള്ള തെരഞ്ഞെടുപ്പാണെന്ന വിമര്‍ശനമുയര്‍ത്തി വനിതാനേതാവു പരസ്യമായി പ്രതിഷേധിച്ചതു നേതൃത്വത്തെ ഞെട്ടിച്ചു. വിഷയത്തില്‍ പരാതി നല്‍കുമെന്ന് അവര്‍ മുന്നറിയിപ്പു നല്കി. സമ്മേളനത്തിലെ ചര്‍ച്ചകളില്‍ ഇരുവിഭാഗങ്ങള്‍ ചേരിതിരിഞ്ഞാണു പങ്കെടുത്തതെന്നാണ് വിവരം. നിലവിലുണ്ടായിരുന്ന 16 അംഗ കമ്മിറ്റി 17 ആക്കി ഉയര്‍ത്തി.