ദിവസങ്ങൾക്കു മുൻപ് അറ്റകുറ്റപ്പണി നടത്തിയ ദേശീയപാത തകർന്നു
1466960
Wednesday, November 6, 2024 5:15 AM IST
അന്പലപ്പുഴ: ദിവസങ്ങൾക്കു മുൻപ് അറ്റകുറ്റപ്പണി ചെയ്ത ദേശീയപാത വീണ്ടും തകർന്നു. അപകടമൊഴിവാക്കാൻ റോഡിനു നടുക്ക് സുരക്ഷാ ഉപകരണം സ്ഥാപിച്ച് നാട്ടുകാർ. തിരക്കേറിയ അമ്പലപ്പുഴ ജംഗ്ഷനിലാണ് ദേശീയപാത വീണ്ടും കുഴിയായത്. വ്യാപക പരാതിയെത്തുടർന്ന് ഏതാനും ആഴ്ചകൾക്കു മുൻപാണ് അറ്റകുറ്റപ്പണിയെന്ന പേരിൽ കുഴികളിൽ മെറ്റിൽ നിരത്തിയത്. ഇതാണ് കഴിഞ്ഞ മഴയിൽ ഒലിച്ചുപോയി കുഴികൾ വലിയ ഗർത്തങ്ങളായി മാറിയത്.
ദേശീയപാത മുൻപെങ്ങുമില്ലാത്ത തരത്തിൽ തകർന്നതോടെ ദേശീയ പാതയിലൂടെ യാത്ര ചെയ്യുന്നവരുടെ നടുവൊടിയുകയാണ്. ഓരോ ദിവസവും റോഡിലെ കുഴികളുടെ എണ്ണം പെരുകി വരികയാണ്. കഴിഞ്ഞ ഏതാനും മാസമായി ഉണ്ടായ കനത്ത മഴയിൽ ദേശീയപാതയിൽ എല്ലായിടത്തും റോഡ് തകർന്നുകിടക്കുകയാണ്.
കുഴികൾ വലിയ ഗർത്തമായി മാറിയതോടെ പരാതി വ്യാപകമായതിനെത്തുടർന്ന് ചിലയിടങ്ങളിൽ താത്കാലിക അറ്റകുറ്റപ്പണികൾ ഏതാനും ആഴ്ച മുൻപ് നടത്തിയിരുന്നു. എന്നാൽ, മഴയിൽ മണിക്കൂറുകൾക്കകം ഇത് ഒലിച്ചുപോകുന്നത് പതിവായിരിക്കുകയാണ്.
തുടർച്ചയായുള്ള മഴയിൽ ദേശീയപാതയിലെല്ലാം വലിയ കുഴികൾ രൂപപ്പെട്ടതോടെ മണിക്കൂറുകൾ നീണ്ട അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്. ജംഗ്ഷനിൽ കഴിഞ്ഞ രാത്രിയിൽ നിരവധി വാഹനങ്ങളാണ് ഈ കുഴികളിൽ വീണത്. വാഹനാപകടം ഒഴിവാക്കാനായി നാട്ടുകാരാണ് ഇവിടെ സുരക്ഷാ ഉപകരണം റോഡിന് നടുക്ക് സ്ഥാപിച്ചത്. ദേശീയപാതയുടെ നിർമാണം നടക്കുന്നതിനാൽ പലയിടത്തും റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. ഇതും ഗതാഗതക്കുരുക്കിനു കാരണമായിട്ടുണ്ട്.
ഇതോടൊപ്പം കുഴിയിൽ വീണ് ചെറുതും വലുതുമായ വാഹനാപകടങ്ങളും പതിവാണ്. ഇരുചക്രവാഹനക്കാരാണ് കൂടുതൽ ദുരിതത്തിലാകുന്നത്. സ്ഥിരമായി യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് തകരാർ സംഭവിക്കുന്നതും നിത്യസംഭവമായിരിക്കുകയാണ്.
മുൻകാലങ്ങളിൽ കാലവർഷാരംഭത്തിനു മുൻപ് ദേശീയപാതയിൽ കുഴികളെല്ലാം അടച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇത്തവണ ഈ അറ്റകുറ്റപ്പണി നടക്കാതിരുന്നതാണ് റോഡ് ഇത്രയേറെ തകരാൻ കാരണമായത്. അറ്റകുറ്റപ്പണിയുടെ പേരിൽ വലിയ തുക ഖജനാവിൽനിന്ന് ചോരുന്നുണ്ടെങ്കിലും ഇതുകൊണ്ട് യാത്രക്കാർക്ക് പ്രയോജനമില്ലാത്ത സ്ഥിതിയാണ്.