ഭിന്നശേഷിയുള്ള സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിനു പോലീസ് മർദനമെന്ന്
1466959
Wednesday, November 6, 2024 5:15 AM IST
മാന്നാർ: ഭിന്നശേഷിക്കാരനായ സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തെ പോലീസ് ക്രൂരമായി മർദിച്ചതായി പരാതി. പോലീസ് കസ്റ്റടിയിലെടുത്ത വാഹനം തിരികെ ലഭിക്കുന്നതിനായി മാന്നാർ പോലീസ് സ്റ്റേഷനിലെത്തിയ ഭിന്നശേഷിക്കാരനായ സിപിഎം എണ്ണയ്ക്കാട് ലോക്കൽ കമ്മിറ്റി അംഗവും ഭിന്നശേഷി സംഘടനയായ ഡിഎഡബ്ല്യുഎഫ് ജില്ലാ സെക്രട്ടറിയുമായ ഉളുന്തി പൂങ്കോയിക്കൽ എസ്. ഹരികുമാറി(56)നാണ് മാന്നാർ സ്റ്റേഷനിൽ ക്രൂരമർദനം ഉണ്ടായത്.
എസ്എച്ച്ഒ എ. അനീഷ്, എസ്ഐ അഭിരാം എന്നിവർ ചേർന്ന് മർദിച്ചതായിട്ടാണ് ആരോപണം. ഹരികുമാറിന്റെ വീടിനു സമീപമുള്ള യുവാവിന്റെ ബൈക്ക് പരുമല പെരുന്നാൾ ദിനത്തിൽ മാന്നാർ പോലീസ് കസ്റ്റടിയിലെടുത്തിരുന്നു.
ഇത് തിരികെ ലഭിക്കുന്നതിനായി പോലീസ് പറഞ്ഞതിൻ പ്രകാരം ഇന്നലെ രാവിലെ 10ന് സ്റ്റേഷനിലെത്തിയ ഹരികുമാറും പഞ്ചായത്തംഗം സുജാതയും എസ്ഐയുടെ മുറിയിലേക്ക് ചെല്ലുകയും മുറിയിലേക്ക് കയറിയ ഇരുവരെയും എസ്ഐ അസഭ്യം പറയുകയും ഹരികുമാറിനെ മർദിക്കുകയും ആയിരുന്നുവത്രേ.
എസ്എച്ച്ഒ ഉച്ചത്തിൽ അസഭ്യം പറഞ്ഞ് ഹരികുമാറിന്റെ പുറത്തടിച്ചു. പിന്നീട് മുറിക്കകത്തുനിന്നു ഹരികുമാറിനെ എസ്എച്ച്ഒയും എസ്ഐയും ചേർന്ന് പിടിച്ച് വെളിയിലേക്ക് തള്ളിയിട്ടു. വീഴ്ചയിൽ കയ്ക്കും തലയ്ക്കും പുറത്തും പരിക്കേറ്റ ഹരികുമാർ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഡിഎഡബ്ല്യുഎഫ് മുഖ്യമന്ത്രിക്ക് പരാതി നൽകി.