വർഷങ്ങളായ വെള്ളക്കെട്ടിനു പരിഹാരം; ഓട നിർമാണം ആരംഭിച്ചു
1466958
Wednesday, November 6, 2024 5:15 AM IST
ചെങ്ങന്നൂർ: പ്രാവിൻകൂട് -തിരുവൻവണ്ടൂർ റോഡിലെ ഉപ്പുകളത്തിൽ പാലത്തിന്റെ സമീപത്തെ (കൊടുഞ്ഞൂപ്പള്ളത്തുപടി) വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി ഓടയുടെ നിർമാണം ആരംഭിച്ചു. കൊടുഞ്ഞൂപ്പള്ളത്തുപടിയിൽനിന്നാരംഭിക്കുന്ന ഓട ഉപ്പുകളത്തിൽ തോട്ടിലേക്കാണ് അവസാനിക്കുന്നത്.
ഇതിനോടനുബന്ധിച്ച് ഉപ്പുകളത്തിൽ തോടിന്റെ ഇടിഞ്ഞു തകർന്ന അനുബന്ധ പാതയുടെ സംരക്ഷണഭിത്തിയുടെ നിർമാണവും ആരംഭിച്ചു. വർഷങ്ങളായിട്ടുള്ള വെള്ളക്കെട്ട് പ്രാവിൻകൂട് ഇരമല്ലക്കര റോഡിന്റെ നിർമാണത്തിനുശേഷവും ഈ ഭാഗത്ത് വെള്ളക്കെട്ട് ഒഴിവായിട്ടില്ല.
അഞ്ചുകോടി 60 ലക്ഷം രൂപയാണ് പൊതുമരാമത്ത് റോഡിനായി അനുവദിച്ചിരുന്നത്. എന്നാൽ, പ്രാവിൻകൂട് ജംഗ്ഷൻ മുതൽ ഉപ്പുകളത്തിൽപ്പാലം വരെ ഒരു വശത്തുകൂടി ഓടയും നിർമിക്കും എന്നായിരുന്നു കരാർ.
കരാർ പ്രകാരം ഈ ജോലി അന്നു നടന്നിരുന്നില്ല. 2022 ജൂലൈയിലെ കനത്ത മഴ സമയത്താണ് പ്രാവിൻകൂട്- ഇരമല്ലിക്കര റോഡിലെ മഴുക്കീർ ഉപ്പുകളത്തിൽ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ കരിങ്കൽ സംരക്ഷണഭിത്തിയും മതിലും തകർന്ന് ഉപ്പുകളത്തിൽ തോട്ടിലേക്കു പതിച്ചത്. ഇടിഞ്ഞു പോയ റോഡിന്റെ അവശേഷിക്കുന്ന ഭാഗം ഏതു നിമിഷവും തകർന്നു വീഴുന്ന സ്ഥിതിയിലായിരുന്നു.
പിന്നീട് തഹസിൽദാറും സംഘവും എത്തി റോഡിന്റെ കരാറുകാരനെ വിളിച്ചുവരുത്തി ഇടിഞ്ഞുപോയ ഭാഗത്ത് മുന്നറിയിപ്പ് നൽകുന്ന സംരക്ഷണവലയം തീർത്തിരുന്നു. ഇതു സംബന്ധിച്ച് നിരവധി വിമർശനങ്ങളും പരാതികളും മാധ്യമ വാർത്തയും പരന്നതിനെത്തുടർന്ന് എംഎൽഎ വിളിച്ചുചേർത്ത യോഗത്തിൽ കരിങ്കൽ ഭിത്തിയുടെ നിർമാണത്തിന് തീരുമാനമെടുത്തിരുന്നു. വീണ്ടും ചില സാങ്കേതികത്വത്തിന്റെ പേരിൽ പണി നടന്നില്ല. ഇതിനിടയിൽ കഴിഞ്ഞ വർഷകാല മഴയിൽ തിട്ട വീണ്ടും ഇടിഞ്ഞു.
പഴയപടി സംരക്ഷണവേലി വീണ്ടും പ്രത്യക്ഷപ്പെട്ടു എങ്കിലും മന്ത്രി സജി ചെറിയാന്റെ നിർദേശമനുസരിച്ച് ഉദ്യോഗസ്ഥർ എത്തി എസ്റ്റിമേറ്റ് തയാറാക്കി ഓടയുടെയും പാലത്തിന്റെ അപ്രോച്ച് റോഡിന്റെയും പുനർനിർമാണത്തിന് അടങ്കൽ തുക വർധിപ്പിക്കുകയും ചെയ്തു. പുതുക്കി നിശ്ചയിച്ച പ്രകാരം 20 ലക്ഷം രൂപയാണ് അടങ്കൽ തുക എന്നാണ് സൂചന. തുടർന്ന് പുതിയ കരാറുകാരൻ പണി ഏറ്റെടുത്ത് നിർമാണം ആരംഭിക്കുകയുമായിരുന്നു.