കോടതിപ്പാലം: അടുത്ത ആഴ്ച പൈലിംഗ് ജോലികള്‍ തുടങ്ങും
1466957
Wednesday, November 6, 2024 5:15 AM IST
ആലപ്പുഴ: കൂടുതല്‍ സൗകര്യങ്ങളോടെ പൊളിച്ചു പണിയുന്ന കോടതിപ്പാലത്തിന്റെ പൈലിംഗ് ജോലികള്‍ അടുത്ത ആഴ്ച തുടക്കത്തില്‍ തന്നെ ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി.
ഇതിനു മുന്നോടിയായി വരുത്തേണ്ട ഗതാഗതക്രമീകരണങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. വൈഎംസിഎ ജംഗ്ഷനു കിഴക്കുവശം ബിസ്മി മുതല്‍ കോടതിപ്പാലം വരെയുള്ള തോടിന് വടക്കുഭാഗത്തുള്ള പ്രാരംഭ പൈലിംഗ് ജോലികളാണ് അടുത്ത ആഴ്ച ആരംഭിക്കുക. ഇതിനു മുന്നോടിയായി എട്ടാം തീയതി മുതല്‍ വൈഎംസിഎക്ക് കിഴക്കോട്ടുള്ള തോടിന്റെ വടക്കുഭാഗത്തെ റോഡിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിടാനും തീരുമാനമായി.
പ്രാരംഭഘട്ടത്തില്‍ യാത്രക്കാര്‍ക്ക് പരമാവധി ബുദ്ധിമുട്ട് ഉണ്ടാവാത്ത വിധത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. നിലവില്‍ ഈ റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ വെള്ളിയാഴ്ച മുതല്‍ തോടിന്റെ തെക്കുവശത്തുള്ള നിലവിലെ റോഡിലൂടെ കടത്തിവിടും. ഇതിനുള്ള സൗകര്യാര്‍ഥം കോടതി പാലത്തോട് ചേര്‍ന്നുള്ള മുല്ലയ്ക്കല് ജംഗ്ഷനിലെ മീഡിയന് നീക്കം ചെയ്യും.
കോടതി പാലത്തിന്റെ പൊളിക്കുന്ന ജോലികള്‍ മുല്ലയ്ക്കല് ചിറപ്പ് കഴിഞ്ഞതിനുശേഷമേ ആരംഭിക്കൂ. ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു മുന്നോടിയായി കേരള റോഡ് ഫണ്ട് ബോര്‍ഡ് ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് റോഡ് വിഭാഗം, ട്രാഫിക് പോലീസ് എന്നിവര്‍ ചേര്‍ന്ന് സംയുക്ത പരിശോധന അടിയന്തരമായി നടത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
കോടതി പാലത്തിന്റെ വീതി കൂട്ടുന്നതിനാല്‍ നിലവിലുള്ള ബോട്ട് ജെട്ടി താത്കാലികമായി മാറ്റേണ്ടതുണ്ട്. താത്കാലിക ബോട്ട് ജെട്ടി മാതാ ജെട്ടിയില്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ട്രയല്‍ രൂപത്തില്‍ വാഹനക്രമീകരണം ഏര്‍പ്പെടുത്തി പരിശോധിക്കാനും യോഗം തീരുമാനിച്ചു.