തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവ് പിടിയിൽ
1466954
Wednesday, November 6, 2024 5:15 AM IST
മാന്നാർ: യുകെയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവിനെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. കടപ്ര കിഴക്കുംഭാഗം കിഴക്കേ തേവർക്കുഴിയിൽ അജിൻ ജോർജ് (30) ആണ് പിടിയിലായത്. ചെന്നിത്തല കാരാഴ്മ മൂലയിൽ വീട്ടിൽ സാം യോഹന്നാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാന്നാർ പോലീസ് നടത്തിയ അന്വേഷണത്തിൽ തൃശൂർ ഒല്ലൂരിൽനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പ്രവാസിയായ സാം യോഹന്നാൻ സുഹൃത്തുവഴി അജിൻ ജോർജിനെ പരിചയപ്പെടുകയും സാമിനും ഭാര്യക്കും യുകെയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത പ്രതി രണ്ടു ലക്ഷം രൂപ വാങ്ങിക്കുകയും ചെയ്തു.
തുടർന്ന് ഒക്ടോബർ നാലിന് മെഡിക്കൽ എടുക്കുന്നതിന് എത്തണമെന്ന് പ്രതി അറിയിച്ചതനുസരിച്ച് സാമും ഭാര്യയും പുറപ്പെടുകയും ഇടയ്ക്ക് ഫോണിൽ ബന്ധപ്പെട്ടപ്പോൾ പ്രതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ നടത്തിയ അന്വേഷണത്തിലാണ് ചതിയായിരുന്നുവെന്ന് മനസിലായത്. തുടർന്ന് സാം മാന്നാർ പോലീസിൽ പരാതി നൽകുകയുമായിരുന്നു.
എളമക്കര സ്റ്റേഷൻ പരിധിയിൽ യുവതിയിൽനിന്നു 42 ലക്ഷം രൂപ തട്ടിയെടുത്തത് ഉൾപ്പെടെ മലപ്പുറം, പെരിന്തൽമണ്ണ, കോട്ടയം, എറണാകുളം, കൊല്ലം ജില്ലകളിലായി പ്രതിയുടെ പേരിൽ സമാനമായ നിരവധി കേസുകളാണുള്ളത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന നഴ്സിംഗ് സ്റ്റുഡൻസിനെയും സ്ത്രീകളെയുമാണ് കൂടുതലായും പ്രതി വലയിലാക്കിയത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം സൈബർ സെല്ലിന്റെ സഹായത്തോടെ മാന്നാർ പോലീസ് ഇൻസ്പെക്ടർ എ. അനീഷ്, എസ്ഐ അഭിരാം, എഎസ്ഐ റിയാസ്, എസ്സിപിഒ സാജിദ്, സിപിഒമാരായ ഹരിപ്രസാദ്, അജിത്ത് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.