പാർക്കിംഗ് സൗകര്യമില്ല; അനധികൃത പാർക്കിംഗ് ആരോപിച്ച് പോലീസിന്റെ കൊള്ള
1465884
Saturday, November 2, 2024 5:30 AM IST
അന്പലപ്പുഴ: പാർക്കിംഗ് സൗകര്യമേർപ്പെടുത്താതെ അനധികൃത പാർക്കിംഗ് എന്ന പേരിൽ പോലീസിന്റെ കൊള്ള. അമ്പലപ്പുഴ പോലീസാണ് അമ്പലപ്പുഴയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് അനധികൃത പാർക്കിംഗിന്റെ പേരിൽ പിഴ ചുമത്തുന്നത്.
അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാത പുനർനിർമാണം പൂർത്തിയായപ്പോൾ കച്ചേരിമുക്ക് മുതൽ കിഴക്കോട്ട് പോലീസ് റോഡിനിരുവശവും പ്രത്യേക അടയാളം രേഖപ്പെടുത്തിയിരുന്നു. ഇതിൽ അമ്പലപ്പുഴ ജംഗ്ഷനിൽ നോ പാർക്കിംഗായാണ് രേഖപ്പെടുത്തിയത്. ഇത് വിവാദമായതോടെ പഞ്ചായത്ത് ഇടപെട്ട് യോഗം വിളിച്ചുചേർത്ത് ഇതിൽ ഇളവ് അനുവദിപ്പിച്ചിരുന്നു.
തുടർന്ന് ജംഗ്ഷനിലും റോഡിനിരുവശവും ഇരുചക്രവാഹനങ്ങൾ പാർക്കു ചെയ്തു തുടങ്ങിയിരുന്നു. എന്നാൽ, ഇപ്പോൾ ഇത് അനധികൃത പാർക്കിംഗ് ആണെന്ന് പറഞ്ഞ് എല്ലാ ദിവസവും അമ്പലപ്പുഴ പോലീസെത്തി വാഹനങ്ങളുടെ ചിത്രം പകർത്തി പിഴ ചുമത്തുകയാണ്.
അമ്പലപ്പുഴ ജംഗ്ഷനു കിഴക്കു ഭാഗത്തായാണ് പാർക്കിംഗിനായി പോലീസ് അടയാളപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ജംഗ്ഷനിലെ വ്യാപാരസ്ഥാപനങ്ങളിലെത്തുന്നവർ വാഹനങ്ങൾ വച്ചതിനുശേഷം ഏറെ ദൂരം നടന്ന് ജംഗ്ഷനിലെത്തേണ്ട സ്ഥിതിയാണ്.
ചില വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നതുകൊണ്ടാണ് ഇത്തരക്കാരുടെ സ്വാധീനത്തിനു വഴങ്ങി പോലീസ് ഇരുചക്രവാഹനക്കാരെ പിഴിയുന്നതെന്നും ആക്ഷേപമുണ്ട്.
അമ്പലപ്പുഴയിൽ വാഹനങ്ങൾ പാർക്കു ചെയ്യാനുള്ള യാതൊരു സംവിധാനവും ഇതുവരെ പഞ്ചായത്തും പോലീസും ഒരുക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അനധികൃത പാർക്കിംഗിന്റെ പേരിൽ പോലീസ് കൊള്ള നടക്കുന്നത്.