തീർഥാടകസംഗമത്താൽ പരുമല ഭക്തിസാന്ദ്രം, ഇന്നു കൊടിയിറങ്ങും
1465881
Saturday, November 2, 2024 5:30 AM IST
മാന്നാർ: തീർഥാടക പ്രവാഹത്താൽ പരുമല ഭക്തിസന്ദ്രമായി. നോമ്പും പ്രാർഥനയുമായി സഹനത്തിന്റെ ദൂരങ്ങൾ താണ്ടി നൂറുകണക്കിനു തീർഥാടകസംഘങ്ങളാണ് പരുമലയിൽ എത്തിയത്. ഇന്നലെ രാവിലെ മുതൽ ചെറുതും വലുതുമായ നിരവധി പദയാത്രാസംഘങ്ങൾ പരുമലയിലേക്ക് എത്തിക്കൊണ്ടിരുന്നു.
വൈകുന്നേരമായതോടെ പരുമലയും പരിസരപ്രദേശങ്ങളും തീർഥാടകരാൽ നിറഞ്ഞു കവിഞ്ഞു. ഇന്നലെ ഗീവർഗീസ് മാർ പക്കോമിയോസിന്റെ മുഖ്യകാർമികത്വത്തിൽ ചാപ്പലിൽ വിശുദ്ധ കുർബാന. നടന്നു.
ഡോ. മാത്യൂസ് മാർ തിമോത്തിയോസിന്റെ മുഖ്യകാർമികത്വത്തിൽ പള്ളിയിലും വിശുദ്ധ കുർബാന നടന്നു. തുടർന്ന് അഖില മലങ്കര പ്രാർഥനായോഗവും ധ്യാനവും സന്യാസസമൂഹം സമ്മേളനവും നടത്തി. ഉച്ചകഴിഞ്ഞ് നടന്ന തീർഥാടന വാരാഘോഷ സമാപന സമ്മേളനം കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു.
വൈകിട്ട് പെരുന്നാൾ സന്ധ്യാനമസ്കാരവും കൺവൻഷൻ പ്രസംഗവും നടന്നു. പള്ളിയുടെ മുകൾ വശത്തായി പ്രത്യേകം തയാറാക്കിയ സ്ഥലത്തുനിന്ന് കാതോലിക്കാ ബാവയും മെത്രാപ്പോലീത്താമാരും ചേർന്ന് വിശ്വാസ കൾക്ക് ശ്ലൈഹീക വാഴ്വ് നൽകി.
രാത്രിയിൽ നടന്ന റാസയിൽ നൂറുകണക്കിന് വിശ്വാസികൾ അണിനിരന്നു. റാസക്കു ശേഷം ഭക്തിഗാനാർച്ചന. നാളെ പുലർച്ചെ മൂന്നിന് വിശുദ്ധ കുർബാന, 6.15ന് ചാപ്പലിൽ ഡോ. യാക്കോബ് മാർ ഐറേനിയോസിന്റെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽകുർബാന, 8.30ന് പള്ളിയിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബാന, തുട ർന്ന് കബറിങ്കലിൽ ധൂപപ്രാർഥന, 10.30ന് കാതോലിക്കാ ബാവ വിശ്വാസികൾക്ക് ശ്ലൈഹീ കവാഴ് വ് നൽകും.
12ന് മാർ ഗ്രിഗോറിയോസ് വിദ്യാർഥി പ്രസ്ഥാനം സമ്മേളനം, രണ്ടിന് നടക്കുന്ന റാസയോടും ആശിർവാദത്തോടും കൊടിയിറങ്ങും.
സ്വീകരണം നൽകി
മാന്നാർ: പദയാത്രയായി ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച് പരുമലയിലെത്തിയ കണ്ണൂര്‍, കേളകം തീർഥാടകസംഘത്തെ കത്തിച്ച മെഴുകുതിരികൾ നൽകി സ്വീകരിച്ചു.
11 ദിവസം 375 കിലോമീറ്റർ സഞ്ചരിച്ചാണ് ഈ സംഘം പരുമലയിൽ എത്തിയത്. പരുമല പരിശുദ്ധന്റെ പുണ്യകബറിടത്തില്പരുമല സെമിനാരി മാനേജര്‍ ഫാ.കെ.വി.പോള്‍ റമ്പാന്, വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍,
അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം,പരുമല സെമിനാരി അസിസ്റ്റന്റ് മാനേജര്‍ ഫാ. എല്‍ദോസ് ഏലിയാസ്, മാത്യു ഉമ്മന്‍ അരികുപുറം, പി.എ. ജോസ് പുത്തന്‍പുരയില്‍, ഷാജി അരികുപുറം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.