പരുമല തിരുമേനി വിശുദ്ധിയുടെ പരിമളം പരത്തി: മാർ തോമസ് തറയിൽ
1465880
Saturday, November 2, 2024 5:30 AM IST
മാന്നാർ: വിശുദ്ധിയുടെ പരിമളം പരത്തിയ പരുമല തിരുമേനി കവിഞ്ഞൊഴുകുന്ന അനുഗ്രഹത്തിന്റെ വറ്റാത്ത ഉറവയായി മാറിയെന്ന് ആര്‍ച്ച് ബിഷപ് മാർ തോമസ് തറയില്‍. പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന തീര്ഥാടനവാരാഘോഷ സമാപന സമ്മേളനത്തില്‍ മുഖ്യ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ സഭാന്തര ബന്ധങ്ങളുടെ ചുമതലയുള്ള മെത്രാപ്പോലീത്ത അന്തോണി അനുഗ്രഹ സന്ദേശം നല്കി. എംഒസി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന പുതിയ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. പരുമല പള്ളി യുവജന പ്രസ്ഥാനം നടപ്പിലാക്കുന്ന ഓക്സില കാന്‍സര്‍ ചികിത്സാസഹായങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
വൈദിക ട്രസ്റ്റി റവ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അല്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന് സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ കെ.വി. പോള്‍ റമ്പാന്, ഡോ.എം. കുര്യന് തോമസ്, ഫാ. അലക്സാണ്ടര്‍ ഏബ്രഹാം, ഫാ. എല്‍ദോസ് ഏലിയാസ്, മാത്യു ഉമ്മന്‍ അരികുപുറം, പി.എ. ജോസ് പുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു.