ഏകദിന സത്യഗ്രഹം
1465702
Friday, November 1, 2024 7:28 AM IST
തോപ്രാംകുടി: പട്ടയ വിതരണം തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധി സർക്കാർ ഇരന്നു വാങ്ങിയതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ആരോപിച്ചു. സിഎച്ച്ആർ വിഷയത്തിൽ പിണറായി സർക്കാർ സ്വീകരിക്കുന്ന കർഷകവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി തോപ്രാംകുടിയിൽ നടത്തിയ ഏകദിന സത്യഗ്രഹ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനം-റവന്യൂ വകുപ്പുകൾ ഇനിയും വ്യത്യസ്ത നിലപാട് തുടർന്നാൽ സുപ്രീം കോടതിയുടെ അന്തിമ വിധിയും കർഷകർക്കെതിരാകും. സ്വന്തം നിയോജക മണ്ഡലത്തെ ബാധിക്കുന്ന ഈ വിഷയത്തിൽ മന്ത്രി റോഷി അഗസ്റ്റിന്റെ മൗനം ദുരൂഹമാണ്. ഉദ്യോഗസ്ഥരെ പുലഭ്യം പറയാൻ കാണിക്കുന്ന ആവേശം സർക്കാരിന്റെ കർഷകദ്രോഹ നിലപാട് തിരുത്തിക്കാൻ കാണുന്നില്ലന്നും ജോയി വെട്ടിക്കുഴി പറഞ്ഞു. സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ പ്രക്ഷോഭത്തിന് യുഡിഎഫ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സമരത്തിന് യൂത്ത് കോണ്ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആൽബിൻ മണ്ണഞ്ചേരിയിൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.ബി. ശെൽവം, ഫ്രാൻസിസ് അറയ്ക്കപ്പറന്പിൽ, യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി ജോബിൻ അയിമാനം തുടങ്ങിയവർ പ്രസംഗിച്ചു.