വഴിയോരക്കടകൾ ഒഴിപ്പിക്കുന്ന നടപടികൾ നിർത്തണമെന്ന്
1465696
Friday, November 1, 2024 7:28 AM IST
മൂന്നാർ: മൂന്നാർ മേഖലയിൽ അനധികൃത കച്ചവട സ്ഥാപനങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ നിർത്തിവയ്ക്കണമെന്ന് അഡ്വ. എ. രാജ എംഎൽഎയുടെ അധ്യക്ഷതയിൽ മൂന്നാർ സർക്കാർ അതിഥി മന്ദിരത്തിൽ ചേർന്ന സർവകക്ഷി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ റവന്യു, പഞ്ചായത്ത്, പൊതുമരാമത്ത്, പോലീസ് വകുപ്പുകളുടെ നേതൃത്വത്തിൽ വഴിയോരക്കടകൾ ഒഴിപ്പിച്ചു വരികയാണ്.
മൂന്നാറിലെ വിവിധ ഭാഗങ്ങളിലുള്ള അന്പതോളം കടകൾ ഒഴിപ്പിച്ചു. ഭിന്നശേഷിക്കാർക്കും മറ്റ് ജീവിതമാർഗം കണ്ടെത്താൻ കഴിയാത്തവർക്കും പഞ്ചായത്ത് നേരിട്ട് സ്ഥലം നൽകിയവർക്കും കച്ചവടം നടത്തുന്നതിന് സൗകര്യം നൽകണം. വിവിധ പ്രദേശങ്ങളിൽ കച്ചവടം നടത്തി വരുന്നവരിൽനിന്നു പഞ്ചായത്ത് തലത്തിൽ അർഹതപ്പെട്ടവരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണം.
നീക്കം ചെയ്ത കടകളുടെ ആളുകളിൽനിന്ന് അപേക്ഷ സ്വീകരിച്ച് അർഹതപ്പെട്ടവർക്ക് പകരം സംവിധാനം ഏർപ്പെടുത്തണം. മൂന്നാർ ടൗണിൽ മെയിൻ ബസാറിലും മാർക്കറ്റിലും കാൽനടക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തിൽ സാധനങ്ങൾ കടകൾക്ക് മുന്പിൽ ഇറക്കിവച്ച് കച്ചവടം നടത്തുന്ന പ്രവണത അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ. കെ. വിജയൻ, സി. ചന്ദ്രബാൽ, എസ്. വിജയകുമാർ, മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരടങ്ങിയ ആക്ഷൻ കമ്മിയും രൂപീകരിച്ചു.