72 അടി ഉയരത്തിൽ നിര്‍മിച്ച കെട്ടുകാഴ്ച നിലംപതിച്ചു; അപകടം ഒഴിവായി
1460847
Monday, October 14, 2024 2:44 AM IST
കായംകുളം: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണോത്സവവുമായി ബന്ധപ്പെട്ട കാളകെട്ട് ഉത്സവത്തിനായി തയാറാക്കിയ നന്ദികേശ കെട്ടുകാഴ്ച നിലംപതിച്ചു. ഇത്തവണ 72 അടി ഉയരത്തിൽ ഒന്നാമനായി നിർമിച്ച ഞക്കനാൽ പടിഞ്ഞാറേക്കരയുടെ കാലഭൈരവൻ എന്ന കെട്ടുകാളയാണ് നിലം പതിച്ചത്.
ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനിടെ കെട്ടുകാള ഒരു വശത്തേക്ക് ചെരിയുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. വൈദ്യുതി ലൈനുകൾ തകർന്നു. സമീപത്ത് നിന്ന് ആളുകളെ മാറ്റിയിരുന്നതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു.
ഓണാട്ടുകരയിലെ 56 കരകളിൽനിന്നാണ് ഭക്തർ ക്ഷേത്രത്തിന് സമീപത്തെ പടനിലത്തേക്ക് കെട്ടുകാളകളെ ഘോഷയാത്രയായി എത്തിക്കുന്നത്. ആലപ്പുഴ -കൊല്ലം ജില്ലയുടെ അതിർത്തിയിൽ ദേശീയപാതയോട് ചേർന്നാണ് കാലഭൈരവൻ കെട്ടുകാഴ്ചയെ ഉയരത്തിൽ ഒരുക്കിയത്. കാലഭൈരവനായിരുന്നു ഇത്തവണത്തെ ഏറ്റവും ഉയരം കൂടിയ കെട്ടുകാള.
ഒരു മാസം നീണ്ട പരിശ്രമത്തിനിടെ ലക്ഷങ്ങൾ മുടക്കി ഒരുക്കിയ കാലഭൈരവൻ കെട്ടുകാള പക്ഷേ ക്ഷേത്രത്തിലേക്ക് എത്തും മുമ്പേ നിലംപതിക്കുകയായിരുന്നു. 72 അടി ഉയരത്തില്‍ നിര്‍മിച്ച കെട്ടുകാളയുടെ ശിരസിനുമാത്രം 17.75 അടി പൊക്കമുണ്ടായിരുന്നു. ഏറ്റവും വലിയ കെട്ടുകാളക്കുള്ള യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ അവാർഡ് കഴിഞ്ഞവർഷം ലഭിച്ചത് കാലഭൈരവനായിരുന്നു.