നൂറിന്റെ നിറവില്‍ നന്മകളുടെ ചിരിതൂകി അന്തോണിച്ചായന്, കൈപിടിച്ച് അന്നമ്മയും
1460502
Friday, October 11, 2024 5:49 AM IST
ഇവരുടെ മുഖത്തുവിരിയുന്ന പുഞ്ചിരിയാണ് ഈ കുടുംബത്തിന്റെ ശക്തി. കുട്ടനാട്ടിലെ കണ്ടങ്കരിയില്‍ കറുകക്കളത്തിലായ കല്ലുപുരയ്ക്കല്‍ അന്തോണിച്ചായന് (ചാക്കോ ആന്റണി) നൂറാം പിറന്നാള്‍ ആഘോഷിക്കുന്പോൾ പുഞ്ചിരിതൂകി കൈപ്പിടിച്ച് 98 കാരി അന്നമ്മയും കൂടെയുണ്ട്. 76-ാം വിവാഹവാർഷികനാളുകളിൽ മക്കളെയും പേരക്കൂട്ടികളെയും ചേർത്തുപിടിച്ചുള്ള ജീവിതം. മക്കളെ സ്നേഹിച്ചും മക്കളുടെ സ്നേഹം ഹൃദയം നിറയെ സ്വീകരിച്ചും പൂഞ്ചിരിനിറഞ്ഞ മുഖത്തോടെ ജീവിക്കുകയാണ് ഇരുവരും.
അന്നമ്മയുടെ കൈപിടിച്ച്
അന്തോണിച്ചായന്റെ ജീവിതസഖിയായി കുറുമ്പനാടം കൈതമറ്റത്തില്‍ അന്നമ്മ എത്തിയത് 24-ാം വയസില്‍. 98 വയസുള്ള അന്നമ്മ ആയിരം പൂര്ണചന്ദ്രന്മാരെ കണ്ടുകഴിഞ്ഞു. അന്നമ്മയ്ക്ക് ഓര്മ മങ്ങിത്തുടങ്ങി. ഒരു വീഴ്ചയെ തുടര്‍ന്നു വീല്‍ചെയറിനെ ആശ്രയിക്കേണ്ടിയും വന്നു. 76 ാം വിവാഹ വാര്‍ഷികത്തിലും ഭാര്യയെക്കുറിച്ചു സംസാരിക്കുമ്പോള്‍ അന്തോണിച്ചായന്റെ മുഖത്ത് 24 കാരന്റെ പ്രസരിപ്പ് ദൃശ്യം.
ഭാര്യയെപ്പറ്റി ചോദിക്കുമ്പോള്‍ അവള് വളരെ സുന്ദരിയായിരുന്നു ഇപ്പോഴും അങ്ങനെതന്നെയാ എന്ന് പൊട്ടിച്ചിരിച്ചുകൊണ്ടുള്ള മറുപടി. ഇനി ഒരു ജന്മമുണ്ടായാല് ഞാന്‍ അന്നമ്മയെ തന്നെ ജീവിതസഖിയാക്കും തീര്‍ച്ച എന്നുപറഞ്ഞ് ഒരു പൊട്ടിച്ചിരിയും.
വളരെ ദീര്‍ഘകാലം ഇടവകപ്പള്ളിയുടെ കൈക്കാരനായിരുന്നു അന്തോണിച്ചന്. ഇടവകയിലെ സെന്റ് വിന്‍സെന്റ് ഡീ പോള്‍ സൊസൈറ്റിയുടെ സ്ഥാപകാംഗമായിരുന്ന അദ്ദേഹം. ഏകദേശം അരനൂറ്റാണ്ടുകാലം 40 വയസു മുതല്‍ 90 വയസു വരെ ആസ്ഥാനം വഹിച്ചു.
പത്തുമക്കളെ വളര്‍ത്തിയ പിതാവ്
അന്തോണിച്ചായനും അന്നമ്മയ്ക്കും പത്തുമക്കളാണുള്ളത്. രണ്ടുപേര്‍ ചെറുപ്രായത്തില്‍ മരിച്ചു. ആറു പെണ്മക്കളും രണ്ട് ആണ്മക്കളും സന്തോഷത്തോടെ ജീവിക്കുന്നതു കാണാനുള്ള ഭാഗ്യം ദൈവാനുഗ്രഹമാണെന്ന് അന്തോണിച്ചായന് വിശ്വസിക്കുന്നു. തന്നെയും അന്നമ്മയെയും പൊന്നുപോലെ നോക്കുന്ന മക്കളാണു തങ്ങള്‍ക്കുള്ളതെന്നു പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ അഭിമാനത്തിളക്കം.
നിലവില്‍ മൂത്തമകന് ജോമോന്റെയും ഭാര്യ മിനിയുടെയും സംരക്ഷണയിലാണ് അന്തോണിച്ചായനും ഭാര്യ അന്നമ്മയും. എല്ലാമക്കളെയും ദിവസവും വിളിക്കുന്ന ശീലം അദ്ദഹത്തിനുണ്ട്. എല്ലാ മക്കളുടേയും ക്ഷേമം അന്വേഷിച്ചറിഞ്ഞില്ലെങ്കില് ഉറക്കം വരാറില്ലെന്നു പറയുന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഒരച്ഛന്റെ കരുതലും വാത്സല്യവുമാണ്. മക്കള്‍ അച്ഛനായി നല്കുന്ന പണത്തില്‍ ഒരു പങ്ക് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്നും അന്തോണിച്ചായന് മാറ്റിവയ്ക്കുന്നു.
ശതാബ്ദി ആഘോഷം നാളെ
മക്കളും കുടുബാംഗങ്ങളും ഇടവകക്കാരും ചേര്‍ന്ന് അന്തോണിച്ചായന്റെ ശതാബ്ദി കൊണ്ടാടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നു വൈകുന്നേരം ചങ്ങനാശേരി അതിരൂപത നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഭവനത്തിലെത്തി പ്രാർഥിക്കും.
നാളെ രാവിലെ 10ന് സെന്റ് ജോസഫ്സ് പള്ളിയില്‍ കുടുംബാംഗങ്ങളായ വൈദികര്‍ ചേര്‍ന്നു ദിവ്യബലിയര്‍പ്പിക്കും. തുടര്‍ന്നു നടക്കുന്ന അനുമോദനസമ്മേളനം ഫരീദാബാദ് ക്രൈസ്റ്റ് ഡീംഡ് യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റര്‍ ഫാ. സണ്ണി ജോസഫ് വെട്ടിക്കുഴിച്ചാലില്‍ സിഎംഐ ഉദ്ഘാടനം ചെയ്യും.