ഇങ്ങനെയുണ്ടോ ഓട നിര്‍മാണം! ചൂനാട് ജംഗ്ഷനിലെ ഓടനിര്മാണത്തിനെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍
1460101
Thursday, October 10, 2024 12:10 AM IST
കായംകുളം: ചൂനാട് ജംഗ്ഷനില്‍ നടക്കുന്ന ഓട നിര്‍മാണത്തിലെ അശാസ്ത്രിയത തുടക്കത്തിലേ പരിഹരിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും വ്യാപാരികളും രംഗത്ത്. അശാസ്ത്രീയമായ ഓടനിര്‍മാണം മൂലം ചൂനാട് ജംഗ്ഷനു സമീപം വെള്ളക്കെട്ട് ഒഴിഞ്ഞിരുന്നില്ല. ചെറിയമഴയില് പോലും റോഡരികില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനോടൊപ്പം നല്ല മഴയുള്ള സമയത്ത് സമീപത്തെ എസ്ബിഐയുടെ എടിഎമ്മിലും വ്യാപാരസ്ഥാപനങ്ങളിലും വരെ വെള്ളം കയറുന്ന അവസ്ഥയാണ്.
ഒട്ടേറെത്തവണ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടാകാത്തതിനെത്തുടര്‍ന്ന് സഹികെട്ട നാട്ടുകാര്‍ ഇവിടെയുള്ള പഴയ കലുങ്കിന്റെ ഒരു വശത്തുള്ള സ്ലാബ് നീക്കി വെള്ളം ഒഴുക്കി വിട്ടിരുന്നു. ഓടയ്ക്കായി എടുത്ത വാനത്തിന്റെ നടുക്കുള്ള പോസ്റ്റ് പോലും മാറ്റാതെ കോണ്‍ക്രീറ്റ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ചൂനാട് ചന്ത ഉള്‍പ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങളുള്ള പ്രദേശത്ത് കച്ചവടക്കാരുടെ അന്നം മുട്ടിക്കുന്ന രീതിയിലാണ് ഓട നിര്‍മാണമെന്നാണ് ആക്ഷേപം. ഓടയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതുമൂലം ഓണത്തിന് പോലും കച്ചവടം നടന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. പലരും പലക നിരത്തിയാണ് കടയിലേക്ക് വഴി ഒരുക്കിയത്. എന്നാല്‍, മഴ പെയ്യുമ്പോള്‍ ഓടയ്ക്കായെടുത്ത കുഴിയില്‍ വെള്ളംനിറഞ്ഞ് പലകകള്‍ക്കു മുകളില്‍ വരെ എത്തുന്ന സ്ഥിതിയുണ്ടായി. എടിഎമ്മിനു മുമ്പിലുള്ള കുഴി അറിയാതെ ആളുകള്വീണ സംഭവവും ഉണ്ടായിട്ടുണ്ട്.
35 ലക്ഷം രൂപ മുടക്കി നേരത്തെ നിര്‍മിച്ച ഓടയുടെ പ്രയോജനം ലഭിക്കാത്തതുകൊണ്ടാണ് പുതിയ ഓട നിര്‍മിക്കുന്നത്. ഇതും അശാസ്ത്രീയമാണെന്ന ആക്ഷേപം ഉയര്‍ന്നതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ് . എത്രയും വേഗം വെള്ളം ഒഴുകിപ്പോകുന്നതരത്തില് ശാസ്ത്രീയമായി ഓട നിര്‍മാണം നടത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പൊതുമരാമത്ത് വകുപ്പ് ഓഫിസ് ഉപരോധിച്ചു.
ഓട നിര്‍മാണം അശാസ്ത്രീയമാണെന്നു ചൂണ്ടിക്കാട്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വള്ളികുന്നം യൂണിറ്റ് കമ്മിറ്റി കറ്റാനം പൊതുമരാമത്ത് വകുപ്പ് ഓഫീസ് ഉപരോധിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് മഠത്തില്‍ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു.
വള്ളികുന്നം യൂണിറ്റ് ജനറല്‍ സെക്രട്ടറി ജ്യോതി ശിവാനന്ദന്, അനില്‍ പ്രതീക്ഷ, രാജേഷ് അമ്മാസ്, സജി റോയല്‍, ഉവൈസ് കളീക്കല്‍, ബിന്ദു, ടാസ്ക ലത്തീഫ്, ഗോപാലകൃഷ്ണന് കൃഷ്ണാസ്, ഷാനവാസ്, സുഭാഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ചൂനാട് ജംഗ്ഷനിലെ അശാ സ്ത്രീയവും അഴിമതി നിറഞ്ഞതുമായ ഓട നിര്‍മാണത്തെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വള്ളികുന്നം പടിഞ്ഞാറ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നില്പ് സമരവും പ്രതിഷേധ പ്രകടനവും നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജി. രാജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു.