കൂത്താട്ടുകുളം വാഹനാപകടം: സംസ്കാരം ഇന്ന്
1459900
Wednesday, October 9, 2024 6:41 AM IST
മങ്കൊമ്പ്: പേരക്കുട്ടിയുടെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മരിച്ച കുട്ടനാട് സ്വദേശികളായ ദമ്പതികളുടെയും പേരക്കുട്ടിയുടെയും സംസ്കാരം ഇന്നു നടക്കും. കായൽപ്പുറം സെന്റ് ജോസഫ്സ് പള്ളിയിൽ ഇന്നു രാവിലെ 10.30 നാണ് നടക്കുക. പുളിങ്കുന്ന് പഞ്ചായത്ത് കായൽപ്പുറം കരീപ്പറമ്പിലായ കോയിപ്പള്ളി ജോസഫ് ആന്റ ണി (തങ്കച്ചൻ-68), ഭാര്യ തങ്കമ്മ (60), ചെറുമകൾ രണ്ടരവയസുകാരൻ എസ്തേർ എന്നിവരാണ് മരിച്ചത്.
കോട്ടയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൂവരുടെയും മൃതദേഹങ്ങൾ ഇന്നലെ വൈകുന്നേരം നാലരയോടെ വീട്ടിലെത്തിച്ചു. നാടാകെ കണ്ണീരോടെയാണ് മൂവരുടെയും ചേതനയറ്റ ശരീരങ്ങൾ ഏറ്റുവാങ്ങിയത്. യാത്രയിൽ ഇവർക്കൊപ്പമുണ്ടായിരുന്ന എസ്തേറിന്റെ മാതാപിതാക്കളായ എബി (32) ട്രീസ സി.മോനി (26) എന്നിവർ ഗുരുതര പരിക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഞായറാഴ്ച വൈകുന്നേരം നാലിന് എംസി റോഡിൽ കൂത്താട്ടുകുളം പുതുവേലി ചോരക്കുഴി പാലത്തിനു സമീപത്താണ് അപകടം നടന്നത്. അങ്കമാലിയിലുള്ള മകൾ സെബിയുടെ കുട്ടിയുടെ ജൻമദിനാഘോഷങ്ങളിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു തങ്കച്ചനും കുടുംബവും.