മണ്ഡല-മകരവിളക്കു കാലത്ത് കുടിവെള്ളം ഉറപ്പുവരുത്തും: മന്ത്രി സജി ചെറിയാന്
1457934
Tuesday, October 1, 2024 4:26 AM IST
ചെങ്ങന്നൂർ: ശബരിമല മണ്ഡല-മകരവിളക്കു കാലത്തെ തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും വഴിയോരക്കച്ചവടങ്ങള്‍ നിയന്ത്രിക്കാനും തീരുമാനിച്ചു. കെഎസ്ആർടിസി കൂടുതൽ പമ്പ സർവീസുകൾ നടത്തും.
നിലവില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകൾക്കു പുറമെ അധികമായി കാമറകൾ സ്ഥാപിക്കാനും ക്ഷേത്ര പരിസരം ശുചീകരിക്കാനും ചെങ്ങന്നൂര്‍ ദേവസ്വം ഉദ്യോഗസ്ഥർക്ക് നിർദേശം നല്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്‍ത്തിപ്പിക്കും.
വെക്ടര്‍ കണ്ട്രോള് യൂണിറ്റുമായി ചേര്‍ന്ന് സ്പ്രേയിങ് ഫോഗിങ് എന്നിവ നടത്താനും ആവശ്യമായ മരുന്നുകള്‍, ബ്ലീച്ചിംഗ് പൗഡര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയുടെ സ്റ്റോക്ക് ഉറപ്പ് വരുത്താനും നിർദേശം നൽകി. ഹോട്ടലുകള്‍, ബേക്കറികള്‍ മുതലായ സ്ഥാപനങ്ങളില്‍ ഇടവിട്ട വേളകളില്‍ പരിശോധന നടത്തും. സ്കൂബാ ഡൈവർമാരെയും സേനാഗംങ്ങളെയും വിന്യസിക്കും.
നിസാമുദീന്‍ എക്സ്പ്രസിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിക്കുന്നതിന് റെയില്‍വേക്ക് കത്ത് നല്‍കുക, റെയില്‍വേ സ്റ്റേഷന് പരിസരത്ത് അപകടകരമായി നില്ക്കുന്ന മരച്ചില്ലകള്‍ മുറിച്ച് മാറ്റുന്നതിന് റെയില്‍വേ അധികാരികള്‍ക്ക് കത്ത് നല്‍കുക തുടങ്ങിയ നടപടികള്‍ക്ക് ആര്‍ഡിഒയെ ചുമതലപ്പെടുത്തി.