സമാധാന മനുഷ്യച്ചങ്ങലയുമായി വിദ്യാര്‍ഥികള്‍ ഇന്ന് എടത്വയില്‍
1457931
Tuesday, October 1, 2024 4:26 AM IST
എടത്വ: ഗാന്ധിജയന്തിയോടനുബന്ധിച്ച് എടത്വ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന യുദ്ധ വിരുദ്ധ സമാധാന മനുഷ്യച്ചങ്ങല ഇന്ന് രണ്ടിന് എടത്വ ടൗണിലെ ഗാന്ധി പ്രതിമയ്ക്കു സമീപം നടക്കും. യുദ്ധങ്ങള്‍ ഇല്ലാതാവട്ടെ അനാഥ ബാല്യങ്ങള്‍ ഇല്ലാതാവട്ടെ. സമാധാനം പുലരട്ടെ എന്ന ആപ്തവാക്യവുമായി ഗാന്ധി പ്രതിമയ്ക്കു സമീപത്തുനിന്നും സ്കൂള്‍ അങ്കണം വരെയാണ് മനുഷ്യച്ചങ്ങല അണിനിരക്കുന്നത്.
തുടര്‍ന്ന് എന്റെ ഭാരതം, ശുചിത്വ ഭാരതം എന്ന മുദ്രാവാക്യമുയര്‍ത്തിയ ശുചിത്വ വിളംബര ജാഥയും നീര്‍ത്തട സംരക്ഷണ മുദ്രാവാക്യം ഉയര്‍ത്തിയ രണ്ടേകാല്‍ കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൂറ്റന്‍ ബാനര്‍ പ്രദര്‍ശനവും നടത്തും. കുട്ടികളുടെ നേതൃത്വത്തില്‍ സമാധാന സംരക്ഷണത്തിനായി രണ്ടാംദണ്ഡി യാത്രയും സംഘടിപ്പിക്കും.
എടത്വ സബ്ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് രാജേഷ് എന്‍, എടത്വ സെന്റ് ജോര്‍ജ് ഫൊറോന വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍, പഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ്, പഞ്ചായത്തംഗം ജെയിന് മാത്യു, ഹെഡ്മിസ്ട്രസ് പ്രിയ ഫിലിപ്പ്, പിടിഎ പ്രസിഡന്റ് ജയന് ജോസഫ് പുന്നപ്ര എന്നിവര്‍ നേതൃത്വം നല്‍കും.