ചെങ്ങന്നൂരിന് തിലകമായി അത്യാധുനിക സൗകര്യത്തോടെ ജില്ലാ ആശുപത്രി
1457930
Tuesday, October 1, 2024 4:26 AM IST
ചെങ്ങന്നൂര്‍: നൂറുകോടി രൂപ മുതൽമുടക്കി അത്യാധുനിക സൗകര്യത്തോടെ നിർമിക്കുന്ന ചെങ്ങന്നൂർ ജില്ലാ ആശുപത്രിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി 2025 മാര്‍ച്ചിൽ നാടിനു സമര്‍പ്പിക്കാന്‍ തീരുമാനം.
മുന്നൂറോളം കിടക്കകളും സോളാര്‍ സംവിധാനവും ആശുപത്രിയില്‍ സജ്ജമാക്കും. പഴയ ജില്ലാ ആശുപത്രിയിൽ ഇരുന്നൂറിൽ താഴെയായിരുന്നു കിടക്കകൾ. ജില്ലാ ആശുപത്രിയുടെ കെട്ടിടനിർമാണം നടക്കുന്നതിനാൽ ഗവ. ബോയ്സ് സ്കൂളിന്റെ കെട്ടിടത്തിലാണ് താത്കാലികമായി ആശുപത്രി പ്രവർത്തിക്കുന്നത്.
കഴിഞ്ഞദിവസം മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥസംഘം നിര്‍മാണപുരോഗതി സംയുക്തമായി വിലയിരുത്തി. തുടര്‍ന്ന് യോഗം ചേര്‍ന്നാണ് നിര്‍മാണം വേഗത്തിലാണെന്നും ഉടന്‍തന്നെ പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനു സജ്ജമാക്കാമെന്നും തിരുമാനിച്ചത്.
മോഡുലർ ഓപ്പറേഷൻ
ജില്ലാ ആശുപത്രിയെയും മാതൃ-ശിശു ആശുപത്രിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റാംപിന് മേൽക്കൂര പണിയും. ഓഫീസ് റൂം പ്രവര്‍ത്തനത്തിനു കൂടുതല്‍ സ്ഥലം കണ്ടെത്തും. എല്ലാ വിഭാഗങ്ങൾക്കും അത്യാധുനിക മോഡുലർ ഓപ്പറേഷൻ തിയറ്ററുകൾ പണിയും. ആശുപത്രിയിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.
ഇതിന് കേരള മെഡിക്കൽ സർവീസ് കോർപറേഷനായിരിക്കും ചുമതല. പുതിയ ജില്ലാ ആശുപത്രിയിൽ ട്രോമാകെയർ സൗകര്യവും ഡി അഡിക്ഷൻ സെന്ററും തുടങ്ങും. എംസി റോഡിന്റെ സമീപത്തെ ആശുപത്രിയെന്ന നിലയിൽ, റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് വിദഗ്ധ ചികിത്സ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക ട്രോമാകെയർ സൗകര്യം ഏർപ്പെടുത്തുന്നത്.
ഓണ്‍ലൈന്‍ വഴി
കിഫ്ബി ഫണ്ടില്‍നിന്നു 100 കോടി രൂപ മുതല്‍മുടക്കി അത്യാധുനിക രീതിയില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിട സമുച്ചയ നിര്‍മാണ ഉദ്ഘാടനം 2020 നവംബറില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഓണ്‍ലൈന്‍ വഴിയാണ് നിര്‍വഹിച്ചത്.
രണ്ടര ഏക്കര്‍ സ്ഥലത്തിനുള്ളില്‍ ഏഴു നിലകളിലായി 1, 25,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിട സമുച്ചയം നിര്‍മിക്കുന്നത്. ഏഴു നിലകളുള്ള കെട്ടിടത്തിന്റെ ഒരു നില അണ്ടര്‍ ഗ്രൗണ്ടിലാണ് നിര്‍മിച്ചിരിക്കുന്നത്.
1943ല്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചതാണ് പഴയ ആശുപത്രി. ആശുപത്രി കെട്ടിടത്തിന്റെ താഴെ ഭാഗത്ത് പ്രധാനമായും വാഹനപാർക്കിംഗിനാണ് സ്ഥലം കണ്ടെത്തുക. മോർച്ചറിയും ഐടി മുറിയും ഇവിടെത്തന്നെയാകും. താഴത്തെനിലയിൽ ഒബ്സർവേഷൻ, റേഡിയോളജി, മൈനർ ഓപ്പറേഷൻ തിയേറ്റർ, ഫാർമസി എന്നിവയാണ്.
ചികിത്സാരംഗത്ത് വൻ കുതിപ്പാവും
പുതിയ കെട്ടിടത്തിന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അതിവേഗമാണ് നടക്കുന്നത്. ഒന്നും രണ്ടും മൂന്നും നിലകളുടെ തേപ്പ് ജോലികള്‍ പൂര്‍ത്തീകരിച്ച് വെള്ളപൂശി.
നിര്‍വഹണ ഏജന്‍സിയായ വാസ്കോസിന്റെ മേല്‍നോട്ടത്തില്‍ ഹെതര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നിര്‍മാണം നടത്തിവരുന്നത്.
140 തൊഴിലാളികള്‍ ഇപ്പോള്‍ ജോലി ചെയ്തുവരുന്നു. ടൈല്‍സ് വര്‍ക്ക്, ഫയര്‍ വര്‍ക്ക്, ലിഫ്റ്റ് വര്‍ക്ക്, ഗ്ലാസ് വര്‍ക്ക് എന്നിവയുടെ പണികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഹെതർ കൺസ്ട്രക്ഷൻ കമ്പനി ഡിജിഎം ബിജു പറഞ്ഞു.
അത്യാധുനിക സൗകര്യങ്ങളോടുകൂടി ജില്ലാ ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കുന്നതോടെ ചെങ്ങന്നൂരിന് ആതുര ചികിത്സാരംഗത്ത് വൻ കുതിപ്പാണ് സാധ്യമാകുന്നത്.