വെളിയനാട് സിഎച്ച്സിയോടുള്ള അവഗണന അവസാനിപ്പിക്കണം
1457928
Tuesday, October 1, 2024 4:26 AM IST
വെളിയനാട്: വെളിയനാട് കമ്യൂ ണിറ്റി ഹെൽത്ത് സെന്റർ (കുരിശുംമൂട് ആശുപത്രി) തകർന്നുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. പാവപ്പെട്ടവരും സാധാരണക്കാരുമായ വെളിയനാട്, രാമങ്കരി, കാവാലം, മുട്ടാർ, പായിപ്പാട് പഞ്ചായത്തുകളിൽനിന്നുള്ള രോഗികൾക്ക് ഒരുകാലത്ത് ആശ്രയമായിരുന്ന ആതുരാലയം അധികാരികളുടെ അവഗണനയും കെടുകാര്യസ്ഥതയും മൂലം തകർന്ന് നാമാവശേഷമാവുകയാണ്.
ഡോക്ടർമാർക്കും ജീവനക്കാർക്കും രോഗികൾക്കും സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. സംസ്ഥാന ഗവൺമെന്റിന്റെയും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെയും അവഗണനയ്ക്കെതിരേ വമ്പിച്ച ജനരോഷം ഉയരണമെന്നും കുട്ടനാട്ടിലെ പാവപ്പെട്ട ജനങ്ങളോട് സർക്കാർ കാട്ടുന്നത് കടുത്ത വഞ്ചനയാണെന്നും ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് പറഞ്ഞു.
വെളിയനാട് സിഎച്ച്സിയോടുള്ള അധികാരികളുടെ അവഗണന അവസാനിപ്പിച്ച് അടിയന്തരമായി ആശുപത്രി പുനർനിർമിക്കാൻ തയാറാകണമെന്നാവശ്യപ്പെട്ട് വെളിയനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജി. സൂരജ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് സി.വി.രാജീവ് മുഖ്യപ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിബി മൂലംകുന്നം, എൻ.സി. ബാബു, റ്റി.ഡി. അലക്സാണ്ടർ, എ.കെ. സോമനാഥൻ, അലക്സാണ്ടർ വാഴയിൽ, സന്തോഷ് തോമസ്, എ.കെ. കുഞ്ചറിയ, റ്റി.റ്റി. തോമസ്, ജെയ്സൺ ജോസഫ്, ജിനോ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.