സംസ്ഥാന ശാസ്ത്രോത്സവം മികവുറ്റതാക്കും: മന്ത്രി സജി ചെറിയാന്
1457926
Tuesday, October 1, 2024 4:26 AM IST
ആലപ്പുഴ: നവംബര്‍ 15 മുതല്‍ 18 വരെ ജില്ലയില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം മികച്ചരീതിയില്‍ നടത്തുമെന്ന് ശാസ്ത്രോത്സവ സംഘാടകസമിതി ചെയര്മാന് കൂടിയായ സാംസ്കാരികമന്ത്രി സജി ചെറിയാന് പറഞ്ഞു.
സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവവുമായി ബന്ധപ്പെട്ട് ചേര്‍ന്ന സംഘാടകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സെന്റ് ജോസഫ് ഹൈസ്കൂള്‍ പ്രധാനവേദിയായും ലിയോ തേര്ട്ടീന്ത് സ്കൂള്‍, ഗേള്‍സ് സ്കൂള്‍, ആലപ്പുഴ എസ് ഡിവി സ്കൂള്‍, ലജ്നത്തുല്‍ മുഹമ്മദിയ്യ ഹൈസ്കൂള്‍ തുടങ്ങിയ പ്രധാനപ്പെട്ട ഏഴോളം വേദികളിലായാണ് ശാസ്ത്രമേള നടക്കുക. ശാസ്ത്രമേളയുടെ ഭാഗമായി വിഎച്ച്എസ്ഇ എക്സ്പോ, വിനോദ പരിപാടികള്‍, ശാസ്ത്രമേഖലയിലെ പ്രമുഖരുമായുള്ള സംവാദം, സാംസ്കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും.
സംഘാടകസമിതി യോഗത്തില്‍ എംഎല്‍എമാരായ പി. പി. ചിത്തരഞ്ജന്, എച്ച്. സലാം, യു. പ്രതിഭ, ദലീമ ജോജോ, പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സി.എ. സന്തോഷ്, വിഎച്ച്എസ്ഇ അഡീഷണല്‍ ഡയറക്ടര്‍ സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.