ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞ് ഡ്രൈവർക്കു ദാരുണാന്ത്യം
1457922
Tuesday, October 1, 2024 4:26 AM IST
അമ്പലപ്പുഴ: കരുമാടിയിൽ ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞ് ഓട്ടോ ഡ്രൈവർക്കു ദാരുണാന്ത്യം. തകഴി മംഗലത്തു വീട്ടിൽ പരേതനായ പ്രഭാകരക്കുറുപ്പിന്റെ മകൻ ബിനു (50) ആണ് മരിച്ചത്. തിങ്കളാഴ്ച പകൽ 3.30 ഓടെ തിരുവല്ല-അമ്പലപ്പുഴ റോഡിൽ കരുമാടി കളത്തിൽപ്പാലത്തിനു കിഴക്കുഭാഗത്തായിരുന്നു അപകടം.
അമ്പലപ്പുഴ പടിഞ്ഞാറേനട ഓട്ടോസ്റ്റാൻഡിൽ ഓടുന്ന ബിനു കരുമാടിയിലെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് മടങ്ങുമ്പോൾ റോഡിനു സമീപത്തെ പോസ്റ്റിൽ തട്ടാതിരിക്കാൻ ഓട്ടോ തിരിച്ചപ്പോൾ നിയന്ത്രണം തെറ്റി ഓട്ടോ മറിയുകയായിരുന്നു. റോഡിൽ തലയടിച്ചുവീണ ബിനു സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. ഭാര്യ: അനുജ (കണ്ണാട്ട് ഫൈനാൻസ് ഓഡിറ്റർ). മക്കൾ: അശ്വിനി, ആർച്ച.