വാഗ്ദാനങ്ങൾ പാഴ്വാക്കായി, ദേശീയപാത തകർന്നുതന്നെ
1454493
Thursday, September 19, 2024 11:31 PM IST
തുറവൂർ: ഉയരപ്പാത കരാറുകാരുടെയും ജില്ലാ ഭരണകൂടത്തിന്റെയും വാഗ്ദാനങ്ങൾ പാഴ്വാക്കായി. ദേശീയപാത തകർന്നുതന്നെ കിടക്കുന്നു. മഴ മാറി വെയിലായാൽ അരൂർ മുതൽ തുറവൂർ വരെ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുമെന്നായിരുന്നു കരാർ കാമ്പനിയായ അശോകാ ബിൽഡേഴ്സിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വാഗ്ദാനം. എന്നാൽ, ഒരാഴ്ചയായി മഴ മാറി വെയിലായിട്ടും കരാറുകാരുടെ അനങ്ങാപ്പറാ നയം തുടരുകയാണ്. കഴിഞ്ഞ ദിവസം ദേശീയപാതയുടെ ദുരവസ്ഥയ്ക്ക് എതിരായി ചില സംഘടനകളുടെ നേതൃത്വത്തിൽ ഉയരപ്പാത നിർമാണം തടഞ്ഞ് സമരം നടത്തിയിരുന്നു.
അരൂർ പള്ളി മുതൽ ചന്ദിരൂർ വരെയുള്ള തകർന്ന റോഡിലെ വൻകുഴികൾ അടച്ച് റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ഉടൻ മേഖലയിലെ റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കാമെന്ന് കരാർ കമ്പനി പ്രഖ്യപിക്കുകയും ചെയ്തു. കഴിഞ്ഞദിവസം ഒരു കിലോമീറ്റർ പാത കടക്കാൻ മൂന്നു മണിക്കുറിലധികമാണ് എടുത്തത്. ജനങ്ങളുടെ ബുദ്ധിമുട്ടും കഷ്ടപ്പാടും ഇപ്പോഴും കണ്ടില്ലെന്നു നടിക്കുകയാണ് കമ്പനിയും ജില്ലാ ഭരണകൂടവും ദേശീയപാത വിഭാഗവും.
നിലവിൽ ദേശീയ പാത തകർന്നു തരിപ്പണമായി കിടക്കുമ്പോഴും ഉയരപ്പാത നിർമാണ കമ്പനിയും ദേശീയ പാത ഉദ്യോഗസ്ഥരും പരസ്പരം പഴിചാരി രക്ഷപ്പെടുന്ന അവസ്ഥയാണ്. ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി അരൂർ മുതൽ തുറവൂർ വരേ ഉണ്ടായ അപകടത്തിൽ മരിച്ചവർക്ക് ആവശ്യമായ നഷ്ടപരിഹാരം കരാർ കമ്പനി അധികൃതർ നൽകണമെന്ന ആവശ്യത്തിനും ഒരു വിലയും കൽപ്പിക്കാത്ത അവസ്ഥയാണ്.
ഇനിയും നിരത്തിൽ മനുഷ്യ ജീവൻ അരഞ്ഞുതീരുന്നതിനു മുമ്പ് അരൂർ മുതൽ തുറവൂർ വരേയുള്ള ദേശീയപാത ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.