തകർന്നടിഞ്ഞ് ദേശീയപാത; നടുവൊടിഞ്ഞ് യാത്രക്കാർ
1454492
Thursday, September 19, 2024 11:31 PM IST
അമ്പലപ്പുഴ: ദേശീയപാത മുൻപെങ്ങുമില്ലാത്ത തരത്തിൽ തകർന്നതോടെ യാത്ര ചെയ്യുന്നവരുടെ നടുവൊടിയുകയാണ്. ഓരോ ദിവസവും റോഡിലെ കുഴികളുടെ എണ്ണം പെരുകി വരുന്നതല്ലാതെ കുറയുന്നില്ല. കഴിഞ്ഞ ഏതാനും മാസമായി ഉണ്ടായ കനത്ത മഴയിൽ ദേശീയപാതയിൽ എല്ലായിടത്തും റോഡ് തകർന്നുകിടക്കുകയാണ്.
കുഴികൾ വലിയ ഗർത്തമായി മാറിയതോടെ പരാതി വ്യാപകമായതിനെത്തുടർന്ന് ചിലയിടങ്ങളിൽ താത്കാലിക അറ്റകുറ്റപ്പണികൾ ഏതാനും ആഴ്ച മുൻപ് നടത്തിയിരുന്നു. എന്നാൽ, മഴയിൽ മണിക്കൂറുകൾക്കുള്ളിൽ ഇത് ഒലിച്ചുപോയി. തുടർച്ചയായുള്ള മഴയിൽ ദേശീയപാതയിലെല്ലാം വലിയ കുഴികൾ രൂപപ്പെട്ടതോടെ മണിക്കൂറുകൾ നീണ്ട അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്. ഇപ്പോൾ ഗതാഗതക്കുരുക്ക് വീണ്ടും വർധിച്ചു.
ഇതോടൊപ്പം കുഴിയിൽ വീണ് ചെറുതും വലുതുമായ വാഹനാപകടങ്ങളും പതിവാണ്. ഇരുചക്രവാഹനക്കാരാണ് കൂടുതൽ ദുരിതത്തിലാകുന്നത്. സ്ഥിരമായി യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് തകരാറ് സംഭവിക്കുന്നതും നിത്യസംഭവമായിരിക്കുകയാണ്. മുൻകാലങ്ങളിൽ കാലവർഷാരംഭത്തിന് മുൻപ് ദേശീയ പാതയിൽ കുഴികളെല്ലാം അടച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇത്തവണ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് അറ്റകുറ്റപ്പണി നടന്നില്ല.
കൂടാതെ ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡ് പൊളിച്ചതും നാട്ടുകാരുടെയും യാത്രക്കാരുടെയും നടുവൊടിച്ചിരിക്കുകയാണ്. ഇപ്പോൾ റോഡിൽ ടാറുകൾക്കു പകരം മെറ്റിലുകൾ മാത്രമാണുള്ളത്. മെറ്റിലുകൾ ഇളകിയതോടെ റോഡിൽ ആഴമേറിയ കുഴികളാണ് രൂപപ്പെടുന്നത്. രാത്രികാലങ്ങളിൽ ഈ കുഴികളിൽ വീണ് ഇരുചക്ര വാഹനക്കാരുടെ നടുവൊടിയുന്നതും പതിവാണ്.
ഗതാഗതനിയന്ത്രണം
ഏർപ്പെടുത്തി
ആലപ്പുഴ: നാഷണൽ ഹൈവേയിൽ എലിവേറ്റഡ് ഹൈവേയുടെ പണി നടക്കുന്ന അരൂർ അമ്പലത്തിന് വടക്കോട്ട് അരൂർപള്ളി വരെയുള്ള റോഡിൽ ടൈൽ വിരിക്കുന്ന പണി നടക്കുന്നതിനാൽ താഴെ പറയുന്ന ഗതാഗത ക്രമികരണങ്ങൾ ഏർപെടുത്തി.
1. അരൂക്കുറ്റി ഭാഗത്തുനിന്നു എറണാകുളത്തേക്ക് പോകുന്നവർ അരൂർ ക്ഷേത്രം ജംഗ്ഷനിൽനിന്നു ഫ്രീ ലെഫ്റ്റ് എടുത്ത് U ടേൺ എടുത്ത് എറണാകുളം ഭാഗത്ത് പോകണം. 2.എറണാകുളം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്കുപോകുന്നവർ കുണ്ടന്നൂർ -തൃപ്പൂണിത്തുറ, പുതിയകാവ്, ഉദയം പേരൂർ, വൈക്കം, തണ്ണീർമുക്കം വഴിയോ ബീച്ച് റോഡ്, പള്ളിത്തോട്, ചെല്ലാനം വഴി തീരദേശ റോഡ് വഴിയോ പോകണം. 3. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഭാഗത്തുനിന്നു തൃശൂർ ഭാഗത്തേക്കു പോകേണ്ടവർ എംസി/എസി റോഡ് വഴി പോകണം. 4. ഹെവി വെഹിക്കിൽ ഒരു കാരണവശാലും എറണാകുളം ഭാഗത്തുനിന്നോ ആലപ്പുഴ ഭാഗത്തുനിന്നോ അരൂർ ഭാഗത്തേക്കു കടത്തിവിടുന്നതല്ല.