അരൂക്കുറ്റി- എറണാകുളം: ഇനി ബോട്ടോടും
1454487
Thursday, September 19, 2024 11:31 PM IST
പൂച്ചാക്കൽ: ദേശിയപാതയിലെ യാത്രാത്തിരക്കു കുറയ്ക്കാൻ അരൂക്കുറ്റിയിൽനിന്നു എറണാകുളത്തേക്ക് ജലഗതാഗതവകുപ്പ് ബോട്ട് സർവീസ് തുടങ്ങുന്നതുസംബന്ധിച്ച തുടർ നടപടികൾക്കായി ദലീമ ജോജോ എംഎൽഎയും ജലഗതാഗതവകുപ്പ് ഡയറക്ടർ ഷാജി വി. നായരുമായി ചർച്ച നടത്തും.
എന്നാൽ, ചർച്ച എന്നാണെന്ന് തീരുമാനം ആയിട്ടില്ല. സർവീസ് തുടങ്ങുന്നതിന്റെ ഭാഗമായി രണ്ടു സ്ഥലത്തേക്ക് പരിശീലന ഓട്ടം നടത്തിയിരുന്നു. അരൂക്കുറ്റിയിൽനിന്നു തേവര ഫെറിയിലേക്ക് നടത്തിയ പരിശീലന ഓട്ടം വിജയകരമായി. അരൂക്കുറ്റിയിൽനിന്നു പനങ്ങാട് ഫെറിയിലേക്കുള്ള പരിശീലന ഓട്ടം പരാജയപ്പെട്ടു. ആഴക്കുറവും ചെളി കലങ്ങിയതും മൂലം ബോട്ടിനു പനങ്ങാട് ജെട്ടിയിൽ അടുക്കാൻ കഴിഞ്ഞില്ല.
പ്രത്യേക അനുമതി
മണ്ണും ചെളിയും മാറ്റി ബോട്ട് ചാൽ ശരിയാക്കിയാൽ മാത്രമേ സർവീസ് തുടങ്ങുവാൻ പറ്റുകയുള്ളു. ഇതിന് ഇറിഗേഷൻ വകുപ്പിനെ അനുമതി വേണം. അരൂക്കുറ്റി ഫെറിയിൽ ബോട്ട് അടുക്കുന്നതിന് തടസങ്ങൾ ഉണ്ടായില്ല. അരൂക്കുറ്റിയിൽനിന്നു എറണാകുളം ബോട്ട് ജെട്ടിയിലേക്കു സർവീസ് നടത്തുന്നതും പരിഗണിക്കുന്നുണ്ട്.
നേവൽ ബേസിലൂടെ ബോട്ട് കടന്നുപോകണെമന്നതിനാൽ അതിന് പ്രത്യേക അനുമതി വാങ്ങണം. ഇതിന്റെ പരിശീലന ഓട്ടവും നടത്തി. ഇതുൾപ്പെടെയാണ് ചർച്ചകളിൽ ഉണ്ടാകുക. ദേശീയപാതയിൽ തുറവൂർ - അരൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. യാത്ര സുരക്ഷിതവുമല്ല. കുണ്ടും കുഴികളും താണ്ടിയുള്ള യാത്രയും അപകടവുമെല്ലാം യാത്രക്കാരെ വലയ്ക്കാൻ തുടങ്ങിയിട്ട് നാളുകളായി.
രണ്ടു ട്രിപ്പ് വീതം
വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാർക്ക് സമയത്തിന് വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും തിരികെ വീട്ടിലും എത്താനാകാത്ത സ്ഥിതിയാണ്. ഗതാഗതക്കുരുക്ക് സംബന്ധിച്ച് ദലീമ ജോജോ എംഎൽഎ മന്ത്രി കെ.ബി. ഗണേഷ്കുമാറിനെ നേരിൽ കണ്ടു സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അരൂക്കുറ്റി ബോട്ടുജെട്ടി മുതൽ എറണാകുളം ബോട്ടുജെട്ടിവരെ ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് തുടങ്ങുന്നതിന് ധാരണയായത്.
അരൂർ മണ്ഡലത്തിൽനിന്നു എറണാകുളം ഭാഗത്തേക്കു പഠനത്തിനും ജോലിക്കുമായി പോകുന്നവർക്ക് ബോട്ട് സർവീസ് ഉപകാരമാകുമെന്നാണ് വിലയിരുത്തൽ. രാവിലെയും വൈകിട്ടും വ്യത്യസ്ത സമയങ്ങളിൽ രണ്ടു ട്രിപ്പ് വീതമെങ്കിലും നടത്തുമെന്ന് അധികൃതർ പറഞ്ഞു.