നിയന്ത്രണം തെറ്റിയ കാറിനു തീപിടിച്ചു
1453663
Tuesday, September 17, 2024 12:07 AM IST
ചെങ്ങന്നൂർ: നിയന്ത്രണംതെറ്റി വന്ന കാർ വീടിന്റെ മുൻപിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ച് തീപിടിച്ചു. ആളപായമില്ല. തിരുവോണ ദിവസം വൈകിട്ട് മൂന്നിനായിരുന്നു സംഭവം. തിരുവൻവണ്ടൂർ വനവാതുക്കര മാലിയിൽ പടിഞ്ഞാറേതിൽ ഏബ്രഹാം മാത്യു ഓടിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ട് കത്തിയത്. കല്ലിശേരി - കുത്തിയതോട് റോഡിൽ പള്ളത്തുപടിക്കു സമീപം വനവാതുക്കര കരമനച്ചേരിൽ മണിക്കുട്ടന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിലാണ് ഏബ്രഹാം മാത്യു ഓടിച്ചു വന്ന കാർ ഇടിച്ചുകയറിയത്. മണിക്കുട്ടന്റെ വീടിന്റെ മതിലും തകർത്താണ് കാർ ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ ഷെഡിൽനിന്നു കുറെ മുന്നിലേക്ക് ഉരുണ്ട് പോയതിനാൽ വൻ അപകടം ഒഴിവായി.
ഇടിച്ചകാറിൽനിന്നു തീയും പുകയും ഉയരുകയും അല്പസമയത്തിനുള്ളിൽ തീ ആളിപ്പടരുകയുമായിരുന്നു. അപകടം മനസിലാക്കിയ ഏബ്രഹാം മാത്യു കാറിൽനിന്നു ചാടിയിറങ്ങി. ഏബ്രഹാം മാത്യുവിനെ നിസാര പരിക്കുകളോടെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു. ഇവരുടെ സമയോചിത ഇടപെടലിലൂടെ വീട്ടിലേക്ക് തീ പടരാതെ വൻ ദുരന്തം ഒഴിവായി. ഒരാഴ്ച മുൻപാണ് മണിക്കുട്ടൻ പുതിയ കാർ വാങ്ങിയത്.