മെഡിക്കൽ കോളജിൽ അത്യപൂര്‍വ രോഗം ശസ്ത്രക്രിയയിലൂടെ നീക്കി
1453100
Friday, September 13, 2024 11:50 PM IST
അന്പലപ്പുഴ: മെഡിക്കല്‍ വിവരങ്ങളില്‍ അത്യപൂര്‍വമായി കണ്ടുവരുന്ന ട്രൈക്കോബെസോർ രോഗം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ നീക്കി. ഒന്‍പതുകാരിക്കാണ് ശസ്ത്രക്രിയയിലൂടെ രോഗം പരിഹരിച്ചത്. നിരന്തരമായുള്ള വയർവേദന, ഛർദ്ദി, വയറ്റിൽ തടിപ്പ് എന്നീ ലക്ഷണങ്ങളോടെ കഴിഞ്ഞദിവസമാണ് പീഡിയാട്രിക് സർജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
അൾട്രാസൗണ്ട്, സിടി സ്കാൻ, എൻഡോസ്കോപ്പി തുടങ്ങിയ പരിശോധനയില്‍ കുട്ടിക്ക് ട്രൈക്കോബെസോർ എന്ന അപൂര്‍വ രോഗമാണെന്ന് കണ്ടെത്തി. ട്രൈക്കോബെസോർ എന്നാൽ ആമാശയത്തിൽ രോമങ്ങൾ അടിഞ്ഞുകൂടി ഒരു മുഴ പോലേ ആകുന്നതാണിത്. അതിനെ ഹെയർബോൾ എന്നും വിളിക്കും. തലമുടി, നൂല്, ക്രയോണ്‍ എന്നിവ ഉള്ളില്‍ ചെല്ലുന്നത് മൂലമുണ്ടാകുന്ന രോഗമാണിത്. സാധാരണ കണ്ടുവരുന്ന ട്രൈക്കോബെസോവറിൽ ഹെയർബോൾ ആമാശയത്തിൽ ഒതുങ്ങുന്നു. ഇവിടെ വ്യത്യസ്തമായി ഹെയർബോൾ ചെറുകുടലിലേക്ക് വ്യാപിച്ചിരുന്നു.
കുട്ടിയില്‍ ഹെയര്‍ബോളിന് 127 സെന്റീമീറ്റർ നീളമുണ്ടായിരുന്നു. ട്രൈക്കോബെസോവറിന്റെ വളരെ അപൂർവമായ രൂപമാണിത്. ശസ്ത്രക്രിയ കഴിഞ്ഞ പെണ്‍കുട്ടി സുഖം പ്രാപിച്ചുവരുന്നു. പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലെ ഡോ. ഷിനാസ് സാദ്ദിഖ്, ഡോ. ഉജ്ജ്വല്‍ സിംഗ് ത്രിവേദി, ഡോ. ജ്യൂഡ് ജോസഫ്, ഡോ. ഫാത്തിമ തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.