വിശ്വാസികൾക്ക് നൊമ്പരമായി കൊച്ചുവീട്ടിലച്ചന്റെ വിയോഗം
1452587
Wednesday, September 11, 2024 11:33 PM IST
മുഹമ്മ: സഹജീവി സ്നേഹത്തിന്റെ ആൾരുപമായിരുന്ന ഫാ. ആന്റണി കൊച്ചുവീട്ടിലിന്റെ അപ്രതീക്ഷിത വിയോഗം നാടിന് നൊമ്പരമായി. നാനാജാതി മതസ്ഥരായ അനേകർക്ക് രക്ഷകനും വഴികാട്ടിയുമായിരുന്നു ഫാ. ആന്റണി കൊച്ചുവീട്ടിൽ. സിഎംഐ സഭയുടെ മാന്നാനം, കൈനകരി, പുളിങ്കുന്ന്, പുന്നപ്ര, മുഹമ്മ, ചീപ്പുങ്കൽ ആശ്രമങ്ങളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം മുഹമ്മ നസ്രത്ത് കാർമൽ ആശ്രമ ദേവാലയത്തിൽ സേവനം അനുഷ്ഠിച്ച് വരവെയാണ് അന്തരിച്ചത്. മുഹമ്മയിലെ ആശ്രമ ദേവാലയത്തോട് ചേർന്നുള്ള മണിമേടയിൽ നിരവധി പേർ അദ്ദേഹത്തിന്റെ മാർഗനിർദേശവും ആശീർവാദവും തേടി എത്തിയിരുന്നു. പൗരോഹിത്യത്തിന്റെ 50 വർഷം പൂർത്തിയാക്കിയ വേളയിൽ വിദൂരദേശങ്ങളിൽനിന്നു വരെ കടപ്പാടിന്റെയും സ്നേഹത്തിന്റെയും നിറവുമായി ഒട്ടേറെപ്പേർ മുഹമ്മയിൽ എത്തിയിരുന്നു.
തന്നെ തേടിയെത്തുന്നവരെ വളരെ കാരുണ്യപൂർവമാണ് അദ്ദേഹം ശുശ്രുഷിച്ചിരുന്നതെന്ന് മുഹമ്മ നസ്രത്ത് കാർമൽ ആശ്രമ പ്രിയോർ ഫാ. പോൾ തുണ്ടുപറമ്പിൽ ഓർമിക്കുന്നു. ആത്മീയവും ഭൗതികവും മാനസികവുമായ ബുദ്ധിമുട്ടുകളോടെ വരുന്നവർക്ക് ആശ്വാസത്തിന്റെ നറുനിലാവായിരുന്നു കൊച്ചുവീട്ടിലച്ചൻ. രക്ഷതേടി വരുന്നവരെ കാണുമ്പോൾ തന്നെ അവരുടെ പ്രശ്നങ്ങൾ ഗ്രഹിക്കാൻ കൊച്ചുവീട്ടിലച്ചന് കഴിഞ്ഞിരുന്നു.