വീട്ടിലെത്തിയ ഉദ്യോഗസ്ഥനെ മർദിച്ച കേസിൽ പ്രതി അറസ്റ്റിൽ
1452585
Wednesday, September 11, 2024 11:33 PM IST
ഹരിപ്പാട്: ക്രെഡിറ്റ് കാർഡ് പെന്റിംഗ് വിവരങ്ങൾ സംസാരിക്കാനെത്തിയ ഉദ്യോഗസ്ഥനെ മർദിച്ചു. കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുമാരപുരം പൊത്തപ്പള്ളി വടക്കു കായൽ വാരത്തുവീട്ടിൽ കിഷോറി(39)നെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.
ആക്രമണത്തിൽ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഡിആർഎ ഉദ്യോഗസ്ഥൻ കാർത്തികപ്പള്ളി സുധീർ ഭവനത്തിൽ കബീറി(39)ന് ഗുരുതര പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. ക്രെഡിറ്റ് കാർഡിന്റെ കുടിശികയുടെ കാര്യം സംസാരിക്കുന്നതിനായി കിഷോറിന്റെ വീട്ടിൽ എത്തിയപ്പോഴായിരുന്നു അക്രമണം.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്. വീട്ടിൽ ഉണ്ടായിരുന്ന കിഷോറിനോട് കുടിശിക ആയാൽ കൂടുതൽ തുക അടയ്ക്കേണ്ടിവരുമെന്ന് കബീർ പറഞ്ഞു. അപ്പോൾ കൈയ്യിൽ ഉണ്ടായിരുന്ന ലോഹം ഉപയോഗിച്ച് കബീറിന്റെ ചെവിയിൽ ഇടിക്കുകയും നാഭിക്കു ചവിട്ടുകയും ചെയ്തു. കത്തിയെടുത്തു കുത്താനായി വന്നെങ്കിലും അവിടെ നിന്നവർ പിടിച്ചുമാറ്റുകയായിരുന്നു. കബീർ വന്ന വണ്ടിയുടെ താക്കോലും ഊരിയെടുത്തു. കബീറിന്റെ ചെവിയുടെ കർണപടം പൊട്ടിയിട്ടുണ്ട്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കിഷോർ കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്എച്ച്ഒ മുഹമ്മദ് ഷാഫി, എസ്ഐമാരായ ശ്രീകുമാർ, ഷൈജ, ഉദയകുമാർ, അനിൽ, പോലീസ് ഉദ്യോഗസ്ഥരായ അജിത്, യേശുദാസ്, നിഷാദ്, സജാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടിക്കൂടിയത്.