കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി
1452289
Tuesday, September 10, 2024 10:46 PM IST
കായംകുളം: കാപ്പ ചുമത്തി കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം പത്തിയൂർ എരുവ ഇല്ലത്ത് പുത്തൻവീട്ടിൽ (ജിജീസ് വില്ലയിൽ) തക്കാളി ആഷിഖ് എന്നു വിളിക്കുന്ന ആഷിഖിനെയാണ് (28) കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്.
കൊലപാതകശ്രമം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഇയാളെ 2017 ലും 2018 ലും 2022 ലും കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുള്ളതാണ്.
കൂടാതെ 2021ൽ ജില്ലയിൽ നിന്നു കാപ്പാ നിയമപ്രകാരം നാടു കടത്തിെയെങ്കിലും നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് ഇയാൾക്കെതിരേ കാപ്പാ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
കരുതൽ തടങ്കൽ ഉത്തരവിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് കായംകുളം, വള്ളികുന്നം പോലീസ് സ്റ്റേഷൻ പരിധികളിൽ ക്രിമിനൽ കേസുകളിൽ പ്രതിയായതിനാലാണ് ഇപ്പോൾ ഇയാളെ വീണ്ടും കാപ്പാ പ്രകാരം കരുതൽ തടങ്കലിലാക്കിയത്.