അരുണാചല്‍പ്രദേശിലും ഇന്‍ഫാം പ്രവര്‍ത്തനം ആരംഭിച്ചു
1493380
Wednesday, January 8, 2025 4:03 AM IST
കാഞ്ഞിരപ്പള്ളി: അരുണാചല്‍പ്രദേശില്‍ നിന്നുള്ള ഇന്‍ഫാം ഭാരവാഹികളുടെ സംഘം പാറത്തോട്ടിലെ ഇന്‍ഫാം കേന്ദ്ര ആസ്ഥാനത്ത് എത്തി. അരുണാചല്‍ സംഘത്തെ തലപ്പാവണിയിച്ചു ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ വരവേറ്റു.
അരുണാചല്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. സാജന് വഴിപ്പറമ്പില്‍, പ്രസിഡന്റ് ഗോഡക് ടാലുക്, വൈസ് പ്രസിഡന്റ് ഹരി പച്ച, സെക്രട്ടറി കബക് റിജ, ജോയിന്റ് സെക്രട്ടറി ലുങ്കു അമയ, ട്രഷറര്‍ കബക് അക തുടങ്ങിയവരടങ്ങുന്ന സംഘം അരുണാചലിലെ ഇന്‍ഫാമിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു.
ഇന്‍ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ അരുണാചലില്‍ ഊജിതമാക്കാനും കൂടുതല്‍ മെംബർഷിപ്പുകള് വിതരണം ചെയ്ത് കര്‍ഷരെ ഇന്‍ഫാമിന്റെ കുടക്കീഴില് അണിനിരത്താനും തീരുമാനിച്ചു. കര്‍ഷകര്‍ക്കു ഗുണം കിട്ടുന്ന പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ സംഘത്തിനു നിര്‍ദേശം നല്കി. രാജ്യത്തെ അര ഡസനോളം സംസ്ഥാനങ്ങളില്‍ ഇന്‍ഫാം ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.